കേരളത്തിൽ ഇനി ഷീ ടൂറിസം; വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍, 1.50 കോടി അനുവദിച്ച് ടൂറിസം വകുപ്പ്

കേരളത്തിൽ ഇനി ഷീ ടൂറിസം; വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍, 1.50 കോടി അനുവദിച്ച് ടൂറിസം വകുപ്പ്


തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികളുമായി സംസ്ഥാന സർക്കാർ. സ്‌ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതിയുടെ ഭാ​ഗമായി സംസ്ഥാനത്ത്‌ സ്‌ത്രീകൾ നടത്തുന്ന 140 ടൂറിസം സംരംഭങ്ങൾക്ക് സർക്കാർ ധനസഹായം നൽകും. ടൂറിസം രംഗത്ത്‌ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സ്‌ത്രീ സൗഹൃദ ടൂറിസം കേന്ദ്രങ്ങൾ രൂപീകരിക്കുന്നതിനുമായി വിനോദസഞ്ചാര വകുപ്പ് 1.50 കോടി രൂപ അനുവദിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.സ്ത്രീകൾ നേതൃത്വം നൽകുന്ന ഹോംസ്റ്റേകൾക്കും തദ്ദേശീയമായ ഭക്ഷണ വിതരണത്തിനും ബയോഗ്യാസ് പ്ലാന്‍റുകൾക്കും നൽകുന്ന സഹായത്തിന് പുറമെയാണ് പുതിയ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയമാകുന്നത്. തദ്ദേശീയമായി ഭക്ഷണം നൽകുന്ന സംരംഭകര്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി രൂപീകരിക്കും. ജെൻഡര്‍ ഓ‍ഡിറ്റ്, സ്ത്രീ സൗഹൃദ ടൂറിസം നയം എന്നിവ നടപ്പിലാക്കും. ഹോംസ്റ്റേകൾക്കും ഉത്തരവാദിത്വ ടൂറിസം ക്ലബുകൾക്കും ധനസഹായമായി 30 ലക്ഷം രൂപ അനുവദിക്കും. സ്ത്രീകൾക്ക് മാത്രമായി ഡിസ്കൗണ്ട് ടൂര്‍ പാക്കേജുകൾ അവതരിപ്പിക്കാനും തീരുമാനമായി. ഇന്ത്യയിൽ ആദ്യമായി സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കിയ സംസ്ഥാനം കേരളമാണ്.