17-ാം വയസിൽ വിവാഹ നിശ്ചയം, വിവാഹം കഴിഞ്ഞിട്ട് 12 വർഷം; പിറന്നാള്‍ ദിനത്തില്‍ ദുരൂഹമായി അതുല്യയുടെ മരണം


17-ാം വയസിൽ വിവാഹ നിശ്ചയം, വിവാഹം കഴിഞ്ഞിട്ട് 12 വർഷം; പിറന്നാള്‍ ദിനത്തില്‍ ദുരൂഹമായി അതുല്യയുടെ മരണം


ഷാർജയിൽ മലയാളി യുവതിയുടെ മരണത്തിൽ‌ ദുരൂഹത ആരോപിച്ച് കുടുംബം. കൊല്ലം സ്വദേശി അതുല്യയെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സ്ഥിരം മദ്യപാനി ആയ ഭർത്താവ് അതുല്യയെ ക്രൂരമായി മർദിക്കുന്നത് പതിവെന്ന് കുടുംബം. ആത്മഹത്യക്ക് ആഴ്ചകൾക്ക് മുമ്പ് തന്റെ യാതന തുറന്നുകാണിക്കുന്ന ദൃശ്യങ്ങൾ അതുല്യ സുഹൃത്തിന് അയച്ചു നൽകി. ഇരുവരും വിവാഹിതരായിട്ട് 12 വർഷം കഴിഞ്ഞു.

17-ാം വയസിലാണ് സതീഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. 18-ാം വയസിലാണ് അതുല്യയുടെ സതീഷുമായുള്ള വിവാഹം കഴിഞ്ഞത്. പത്ത് വയസുള്ള മകളുടെ പിറന്നാൾ‌ ദിനത്തിലാണ് അതുല്യയുടെ മരണ വാർത്ത പുറത്ത് വരുന്നത്. ഇന്ന് അതുല്യ പുതിയ ജോലിയിൽ‌ പ്രവേശിക്കേണ്ടതായിരുന്നു. ഇതിനിടെയാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ‌ ഫ്ലാറ്റിൽ കണ്ടെത്തിയത്. ഈ ദിവസം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കൾ വിശ്വസിക്കുന്നില്ല.


ഒന്നരവർഷം മുൻപാണ് ഷാർജയിലേക്ക് അതുല്യയെ സതീഷ് കൊണ്ടുപോകുന്നത്. എന്നാൽ വിദേശത്ത് എത്തിയതോടെ സതീഷിന്റെ സ്വഭാവം മാറിയെന്നാണ് അതുല്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. സമാനതകളില്ലാത്ത ഭർതൃപീഡനമാണ് അതുല്യ അനുഭവിച്ചുകൊണ്ടിരുന്നത്. 24 മണിക്കൂറും വീട്ടിൽ പൂട്ടിയിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂരമായ മർദനമാണ് അതുല്യ ഏറ്റുവാങ്ങിയിരുന്നത്.

മകളെ ഓർ‌ത്ത് താൻ ജീവിക്കുകയാണെന്നായിരുന്നു അതുല്യ ബന്ധുക്കളേട് പറഞ്ഞിരുന്നത്. ഇതിനിടെയാണ് അതുല്യക്ക് ജോലി ലഭിക്കുന്നത്. എന്നാൽ അതുല്യയെ ജോലിക്ക് വിടാൻ സതീഷിന് താത്പര്യം ഇല്ലായിരുന്നു. ഒരു സൈക്കോയെ പോലെ സതീഷ് പെരുമാറുന്നുവെന്ന് ബന്ധുക്കളെ അതുല്യ അറിയിച്ചിരുന്നു. താൻ മകളെ ഓർത്ത് മരിക്കില്ലെന്ന് ആവർത്തിച്ച അതുല്യ പെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം തന്നെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് അതുല്യ ബന്ധുവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അതുല്യ തൂങ്ങിമരിച്ച വിവരമാണ് ബന്ധുക്കൾ അറിയുന്നത്.