ഗാസയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; ഇസ്രായേൽ ആക്രമണങ്ങളിൽ 18 പലസ്തീൻകാർക്ക് ജീവൻ നഷ്ടമായി
ഗാസ: വടക്കൻ ഗാസയിൽ കഴിഞ്ഞ രാത്രി മാത്രം അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന ചൊവ്വാഴ്ച അറിയിച്ചു. ഇവർക്ക് പുറമെ മറ്റ് രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഗാസയിലെ ആരോഗ്യ വിഭാഗം നൽകുന്ന വിവരമനുസരിച്ച് ഇസ്രായേൽ നടത്തിയ രണ്ട് ആക്രമണങ്ങളിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു.ഇസ്രായേൽ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, പട്രോളിംഗ് നടത്തുകയായിരുന്ന സൈനികർക്ക് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുകയായിരുന്നു. മൃതദേഹങ്ങൾ കൊണ്ടുപോകാനും പരിക്കേറ്റവരെ സഹായിക്കാനും എത്തിയ സൈനികർക്ക് നേരെയും വെടിവെപ്പുണ്ടായതായും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അമേരിക്കയുടെ പിന്തുണയോടെയുള്ള വെടിനിർത്തൽ നിർദ്ദേശം ഇസ്രായേലും ഹമാസും പരിഗണിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ സംഘർഷം. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ഗാസയിൽ ഏഴ് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ഇസ്രായേൽ സേന നേരിടുന്ന വലിയ സൈനിക നഷ്ടമാണിത്. അന്ന് സൈനികരുടെ കവചിത വാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.അതേസമയം തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ അഭയാർഥികൾ താമസിച്ചിരുന്ന ടെന്റുകൾക്ക് നേരെ നടന്ന ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു അമ്മയും അച്ഛനും അവരുടെ രണ്ട് കുട്ടികളും ഉൾപ്പെടെ നാല് പേർ മരിച്ചു.ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ എത്തിച്ച നാസർ ആശുപത്രിയിലെ ഉദ്യോഗസ്ഥരാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. മധ്യ ഗാസയിൽ, ഒരു കൂട്ടം ആളുകൾക്ക് നേരെയും ഇസ്രയേൽ ആക്രമുണ്ടായി. ഇവിടെ 10 പേർ കൊല്ലപ്പെടുകയും 72 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നുസീറാത്തിലെ ഔദ ആശുപത്രിയിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.