കാറ്റിലും മഴയിലും വൈദ്യുതിവകുപ്പിന് വൻനാശനഷ്ടം; ഇരിട്ടി ഡിവിഷനിൽ 30 എച്ച് ടി പോസ്റ്റുകളും 130 എൽ ടിപോസ്റ്റുകളും തകർന്നു

കാറ്റിലും മഴയിലും വൈദ്യുതിവകുപ്പിന് വൻനാശനഷ്ടം; ഇരിട്ടി ഡിവിഷനിൽ 30 എച്ച് ടി പോസ്റ്റുകളും 130 എൽ ടിപോസ്റ്റുകളും തകർന്നു






ഇരിട്ടി:  ജില്ലയിൽ തുടരുന്ന തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കു വരെ നാശമുണ്ടായി. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരായാണ് പ്രവർത്തിക്കുന്നത്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള അശ്രാന്തപരിശ്രമമാണ്  നടന്നുവരുന്നതെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. 
ഇരിട്ടി ഡിവിഷനിൽ 80 ലക്ഷത്തോളം രൂപയുടെ നാശനഷ്ട മുണ്ടായതായാണ് കണക്കാക്കുന്നത്. 30 എച്ച് ടി പോസ്റ്റുകളും, 130 എൽ ടി  പോസ്റ്റുകളും തകർന്നു. മുന്നൂറോളം സ്ഥലങ്ങളിൽ ലൈനുകൾ പൊട്ടിവീണ് വൈദ്യുതി ബന്ധംതാറുമാറായി. വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുൻഗണന നൽകുന്നത് . തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗതപരാതികൾ പരിഹരിക്കുക.
ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാൻ പ്രതികൂല കാലാവസ്ഥയിലും കെ എസ് ഇ ബി ജീവനക്കാർ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി  ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ  അഭ്യർത്ഥിച്ചു. 
കാലവർഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണം. ലൈനുകൾ പൊട്ടി വീഴുകയോ മരങ്ങളും മറ്റും ലൈനിൽ വീഴുകയോ ചെയ്താൽ കെ എസ് ഇ ബി അധികൃതർ വരുന്നതുവരെ അതിനടുത്തേക്കു പോവുകയോ സ്വയം പ്രവർത്തി നടത്തുകയോ ചെയ്യാൻ പാടില്ല.  ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 9496 010101 ലോ അറിയിക്കേണ്ടതാണ്. ഇത് അപകടം അറിയിക്കാൻ മാത്രമുള്ള നമ്പരാണ്.
വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ കെ എസ് ഇ ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ചോ 9496 00 1912 എന്ന നമ്പരിൽ വിളിച്ച്/വാട്സാപ് സന്ദേശമയച്ചോ രേഖപ്പെടുത്താവുന്നതതാണെന്നും അതികൃതർ അറിയിച്ചു.