
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ. വിമാനം ആകെ പറന്നത് 32 സെക്കന്റ് മാത്രമാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ ഓഫായതും രണ്ട് എഞ്ചിനുകൾ പ്രവർത്തനരഹിതമായതുമാണ് അപകടത്തിന് കാരണമായത്. മെയ്ഡേ സന്ദേശം നൽകിയ ശേഷം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.
അതേസമയം എന്തിനാണ് ഓഫ് ചെയ്തത് എന്ന് മറ്റൊരു പൈലറ്റ് ചോദിക്കുന്നത് കോക്ക്പിറ്റ് ഓഡിയോയിലുണ്ട്. എന്നാൽ താൻ ചെയ്തില്ല എന്നായിരുന്നു സഹ പൈലറ്റിന്റെ മറുപടി. വീണ്ടും എഞ്ചിൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു എഞ്ചിൻ മാത്രമാണ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുള്ളൂ. രണ്ട് എഞ്ചിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് പൂർണമായി നിലച്ചു. ഇന്ധന സ്വിച്ച് കട്ട് ഓഫ് എന്ന മോഡിലേക്ക് മാറിയതാണ് ഇതിന് കാരണം.
Read Also: അഹമ്മദാബാദ് വിമാന അപകടം; എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി; രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി; അന്വേഷണ റിപ്പോർട്ട്
ഓരോന്നായാണ് ഓഫ് ചെയ്യപ്പെട്ടത്. സ്വിച്ച് എങ്ങനെ ഓഫായി എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പൈലറ്റുമാർ അവസാനം വരെ വിമാനം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു. 625 അടി ഉയരത്തിൽ നിന്നാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായത്. വിമാനത്തിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടതോടെയാണ് നിലംപതിക്കുന്ന സാഹചര്യം ഉണ്ടായത്. റൺവേയിൽ നിന്ന് 0.9നോട്ടിക്കൽ മൈൽ ദൂരെ ആണ് നിലംപതിച്ചത്. മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നുവീണത്.
വിമാനപകടത്തിൽ 275 പേരാണ് മരിച്ചത്. മരിച്ചവരിൽ 241 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരും 34 പേർ പ്രദേശവാസികളുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞമാസം 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787-8 വിമാനം തകർന്നുവീണത്.