ഒന്നാം ക്ലാസ് കാലം മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ സ്വന്തം അച്ഛന് കോടതി വിധിച്ചത് 3 ജീവപര്യന്തവും പിഴയും
തൊടുപുഴ: സ്വന്തം മകളെ അഞ്ചു വയസ്സു മുതൽ എട്ടു വയസ്സുവരെയുള്ള കാലയളവിൽ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതി മരണം വരെ തടവിൽ കഴിയണമെന്നും ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവിൻ്റെ ഉത്തരവിൽ പറയുന്നു.2020-ലാണ് ഈ ക്രൂരമായ പീഡനവിവരം പുറത്തറിയുന്നത്. പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് വീട്ടിൽ വെച്ച് നിരന്തരമായി ലൈംഗികമായി ഉപദ്രവിച്ചതായാണ് മൊഴി. സ്ഥിരമായി വയറുവേദന അനുഭവിച്ചിരുന്ന കുട്ടി മാതാവിനൊപ്പം നിരന്തരം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 2020-ൽ ഒരു ദിവസം ആശുപത്രിയിൽ പോകുന്നതിനായി ബസ് കാത്തുനിൽക്കുമ്പോൾ, പിതാവ് ഇങ്ങനെ ചെയ്യുന്നത് കൊണ്ടാണോ വയറുവേദന മാറാത്തതെന്ന് കുട്ടി അമ്മയോട് സംശയമായി ചോദിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്.തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയും കരിമണ്ണൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിക്കെതിരെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന രണ്ട് വീടുകളിൽ വെച്ചും പീഡിപ്പിച്ചിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. മൊഴി പറയാൻ കോടതിയിലെത്തിയ ദിവസം കുട്ടിയുടെ അമ്മ ബോധരഹിതയായി വീണ സംഭവവുമുണ്ടായി.സ്വന്തം പിതാവിൽ നിന്ന് മകൾക്ക് ഏൽക്കേണ്ടി വന്ന ക്രൂരമായ ലൈംഗിക അതിക്രമത്തിന് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിഴ ഒടുക്കുന്ന പക്ഷം കുട്ടിക്ക് നൽകണമെന്നും, അല്ലാത്തപക്ഷം ആറ് വർഷം അധിക തടവിനും കോടതി വിധിച്ചു. കൂടാതെ, കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തു.സമീപകാലത്ത് ഇതേ കോടതിയിൽ നിന്ന് സമാനമായ കേസുകളിൽ രണ്ട് പേർക്ക് ഇരട്ട ജീവപര്യന്തവും മറ്റൊരാൾക്ക് ഈ കേസ് കൂടാതെ ട്രിപ്പിൾ ജീവപര്യന്തവും ശിക്ഷ ലഭിച്ചിരുന്നു. 2020-ൽ കരിമണ്ണൂർ പൊലീസ് ഇൻസ്‌പെക്ടർ ബിജോയ് പി.ടി. അന്വേഷണം നടത്തിയ കേസിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആശ പി.കെ. പ്രോസിക്യൂഷൻ നടപടികളെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.