4 മാസത്തിനിടെ നായ്‌ക്കള്‍ ആക്രമിച്ചത്‌ 1,31,244 പേരെ, ഒരുമാസത്തിനിടെ നായകടിയേറ്റ്‌ മരിച്ചത് മൂന്ന്‌ കുട്ടികള്‍; ആരോഗ്യവകുപ്പ്‌ റിപ്പോര്‍ട്ട്‌

4 മാസത്തിനിടെ നായ്‌ക്കള്‍ ആക്രമിച്ചത്‌ 1,31,244 പേരെ, ഒരുമാസത്തിനിടെ നായകടിയേറ്റ്‌ മരിച്ചത് മൂന്ന്‌ കുട്ടികള്‍; ആരോഗ്യവകുപ്പ്‌ റിപ്പോര്‍ട്ട്‌



കൊച്ചി: കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെ സംസ്‌ഥാനത്ത്‌ 1,31,244 പേര്‍ക്ക്‌ നായയുടെ കടിയേറ്റെന്ന്‌ ആരോഗ്യവകുപ്പ്‌ റിപ്പോര്‍ട്ട്‌. സംസ്‌ഥാന ബാലാവകാശ കമ്മിഷനില്‍ ആരോഗ്യവകുപ്പ്‌ ഡയറക്‌ടറേറ്റാണ്‌ റിപ്പോര്‍ട്ട്‌ ഹാജരാക്കിയത്‌. ഒരുമാസത്തിനിടെ നായയുടെ കടിയേറ്റ്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചതു സംബന്ധിച്ച്‌ കമ്മിഷന്‍ ആരോഗ്യവകുപ്പിനോട്‌ വിശദീകരണം തേടിയിരുന്നു.

2014-ല്‍ 1,19191 പേര്‍ക്ക്‌ നായ്‌ക്കളുടെ കടിയേറ്റപ്പോള്‍ പത്തുവര്‍ഷത്തിനിപ്പുറം 2024-ല്‍ 3,16793 പേര്‍ക്കാണ്‌ കടിയേറ്റത്‌. 2023-ല്‍ 3,06,427 പേര്‍ക്കും 2022-ല്‍ 2,94,032 പേര്‍ക്കും 2021-ല്‍ 2,21,379 പേര്‍ക്കും 2020-ല്‍ 1,60,483 പേര്‍ക്കും നായ്‌ക്കളുടെ കടിയേറ്റു. കഴിഞ്ഞ ജനുവരി മുതല്‍ മേയ്‌ വരെ 16 പേവിഷബാധ മരണങ്ങളുണ്ടായി. (2014-ല്‍ 10, കഴിഞ്ഞവര്‍ഷം 26). ഈവര്‍ഷം പേവിഷബാധയേറ്റ്‌ മരിച്ചവരില്‍ അഞ്ചുപേര്‍ പ്രതിരോധക്കുത്തിവയ്‌പ്പ് എടുത്തവരാണ്‌. 2021-24 വരെ മരിച്ച 89 പേരില്‍ 18 പേര്‍ പ്രതിരോധക്കുത്തിവയ്‌പ്പ് എടുത്തിരുന്നു.

പേവിഷബാധയേറ്റ്‌ മരിച്ച മൂന്ന്‌ കുട്ടികള്‍ക്കും കഴുത്ത്‌, തല, കൈ എന്നിവിടങ്ങളിലാണ്‌ കടിയേറ്റത്‌. പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം അതത്‌ ഏജന്‍സികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. അഡ്വ. കുളത്തൂര്‍ ജയ്‌സിങ്‌ ബാലാവകാശ കമ്മിഷന്‌ നല്‍കിയ പരാതിയേത്തുടര്‍ന്നാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌.