

ന്യൂദല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 45 ലക്ഷം പുതിയ വരിക്കാരെ ബിഎസ് എന്‍എല്ലിന് ചേര്‍ക്കാന്‍ സാധിച്ചുവെന്നും ഇതോടെ വലിയൊരു സ്വപ്നം സാധ്യമായെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യസിന്ധ്യ. ബിഎസ് എന്‍എല്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ രാജ്യത്തെ ബിഎസ് എന്‍എല്ലിന്റെ 32 ചീഫ് ജനറല്‍ മാനേജര്‍മാരുമായി ദല്‍ഹിയില്‍ ചര്‍ച്ചനടത്തുന്നതിനിടയിലാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഈ പ്രതികരണം.
“ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ചയ്‌ക്ക് വേണ്ട നടപടികള്‍ തുടരുകയാണ്. രാജ്യത്തെ 32 സര്‍ക്കിളുകളില്‍ 25 എണ്ണവുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഭൂതകാലത്ത് ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ച തടസ്സപ്പെടുത്തിയ ഘടകങ്ങള്‍ എന്തൊക്കെയെന്നതും എആര്‍പിയു (ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം) എങ്ങിനെയെല്ലാം വര്‍ധിപ്പിക്കാമെന്നതും ചര്‍ച്ച ചെയ്യുകയാണ്. ഓരോ സര്‍ക്കിളിലെയും ചീഫ് ജനറല്‍ മാനേജര്‍മാര്‍ ഓരോ സിഇഒമാരായി ജോലി ചെയ്യണം. അവര്‍ ലാഭനഷ്ടങ്ങളുടെ ഉത്തരവാദിത്വവും പ്രാദേശിക നേതൃത്വവും ഏറ്റെടുക്കണം”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
“മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ് ഗഡ് എന്നിവയുടെ ശക്തമായ വളര്‍ച്ച പ്രത്യേകം ചര്‍ച്ച ചെയ്യും. ഇത് കേസ് സ്റ്റഡിയായി അടുത്ത ത്രൈമാസ പുനരവലോകനയോഗത്തില്‍ ചര്‍ച്ചയാക്കും. 18 വര്‍ഷത്തിന് ശേഷം ബിഎസ്എന്‍എല്‍ ലാഭത്തിലേക്ക് മടങ്ങി വന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍-നവമ്പര്‍ ത്രൈമാസത്തിലും ജനവരി-മാര്‍ച്ച് ത്രൈമാസത്തിലും യഥാക്രമം 260 കോടി രൂപ, 280 കോടി രൂപ എന്നിങ്ങനെ ലാഭമുണ്ടായി. നികുതിക്ക് മുന്‍പുള്ള വരുമാനം 5100 കോടി രൂപയായി. ഈ വരുമാനം നേരത്തേതിന്റെ ഇരട്ടിയാണ്.ബിഎസ് എന്‍എല്ലിന്റെ വികസനത്തിനായി 25000 കോടി രൂപ ചെലവഴിച്ചു”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.