ദുബൈയിലെ പൊള്ളുന്ന ചൂടിൽ എസിയില്ലാതെ വിമാനത്തിൽ 4 മണിക്കൂർ‍ ഇരുന്ന് യാത്രക്കാർ, ശേഷം റദ്ദാക്കിയെന്ന് അറിയിപ്പ്


ദുബൈയിലെ പൊള്ളുന്ന ചൂടിൽ എസിയില്ലാതെ വിമാനത്തിൽ 4 മണിക്കൂർ‍ ഇരുന്ന് യാത്രക്കാർ, ശേഷം റദ്ദാക്കിയെന്ന് അറിയിപ്പ്



ദുബൈ: യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. എസി ഇല്ലാതെ കനത്ത ചൂടില്‍ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഇരുന്നത് നാല് മണിക്കൂറിലേറെ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ദുബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനത്തിലെ യാത്രക്കാരാണ് ദുരിതത്തിലായത്. പിന്നീട് വിമാനം റദ്ദാക്കിയതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു.</എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ഐഎക്സ് 346 വിമാനം രാവിലെ 9 മണിക്കാണ് ദുബൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. 8.15ന് തന്നെ ബോര്‍ഡിങ് തുടങ്ങി. റൺവേയില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ എസി പോലുമില്ലാതെ കടുത്ത ചൂടും സഹിച്ച് യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന വിവരവും യാത്രക്കാരെ അറിയിച്ചിരുന്നില്ല. ചൂട് സഹിക്കാനാകാതെ വിമാനത്തില്‍ എഴുന്നേറ്റ് നിന്ന് കയ്യിലിരിക്കുന്ന കടലാസുകള്‍ കൊണ്ട് വീശുന്ന യാത്രക്കാരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിന്നീട് ഉച്ചയ്ക്ക് 12.15ന് യാത്രക്കാരോട് വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് അറിയിക്കുകയായിരുന്നു. വിമാനം റദ്ദാക്കിയ വിവരം അപ്പോഴാണ് യാത്രക്കാരെ അറിയിച്ചത്.</വിമാനത്തില്‍ എയര്‍ കണ്ടീഷനിങ് ഉണ്ടായിരുന്നില്ലെന്നും സഹിക്കാനാകാത്ത ചൂടായിരുന്നെന്നും ദുബൈയില്‍ താമസിക്കുന്ന ഒരു യാത്രക്കാരിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എയര്‍ലൈന്‍ അധികൃതര്‍ പിന്നീട് യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റി. ഇനി അടുത്ത വിമാനം ജൂലൈ 19 (നാളെ) പുലര്‍ച്ചെ 3.40ന് പുറപ്പെടുമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.