വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം: മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടി
തിരുവനന്തപുരം:കൊല്ലം തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ബോർഡിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണൻ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.</p><p>കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെടുക്കും.15 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും നൽകണം. ലൈൻ താഴ്ന് കിടന്നിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതായിരുന്നു. സ്കൂളിൻ്റെ ഭാഗത്തു നിന്നും കെഎസ്ഇബിക്ക് പരാതി ലഭിച്ചിട്ടില്ല. പഞ്ചായത്തിൻ്റെ അനുമതി ഷെഡ് കെട്ടാൻ വേണമെന്നും മന്ത്രി പറഞ്ഞു.</p><p>ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p><p>തേവലക്കരയിലെ അപകടമരണം ബാലാവകാശ കമ്മീഷൻ അപകടത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി റിപ്പോര്‍ട്ട് തേടി.