‘ഫലസ്‌തീനെ രാജ്യമായി അംഗീകരിക്കും’; ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിർണായക പ്രഖ്യാപനം, ജി7 രാജ്യങ്ങളിൽ ആദ്യം

‘ഫലസ്‌തീനെ രാജ്യമായി അംഗീകരിക്കും’; ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിർണായക പ്രഖ്യാപനം, ജി7 രാജ്യങ്ങളിൽ ആദ്യം



ഫലസ്‌തീനെ രാജ്യമായി അംഗീകരിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട ലോക ശക്തികൾ ഉൾപ്പെടുന്ന ജി7 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പലസ്തീനെ അംഗീകരിക്കുമെന്ന് പറയുന്ന ആദ്യ രാജ്യമാണ് ഫ്രാൻസ്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും എക്സിൽ കുറിച്ചു. ഇസ്രയേലിനെ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കത്തിന് മറുപടി നൽകുകയായിരുന്നു മാക്രോൺ. ഗാസയിൽ ഉടൻ വെടിനിർത്തൽ ആവശ്യമാണെന്നും, ബന്ദികളാക്കിയവരെ ഹമാസ് ഉടൻ വിട്ടയക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തുടങ്ങി പ്രാഥമിക അവകാശങ്ങൾ എല്ലാം നിരസിക്കപ്പെട്ട ജനതയ്ക്ക് അവയെല്ലാം ഉടൻ തന്നെ ലഭ്യമാക്കണമെന്നും മാക്രോൺ പറഞ്ഞു.

അതേസമയം ഫ്രാൻസിന്റെ ഈ തീരുമാനത്തിനെതിരെ ഇസ്രയേൽ രൂക്ഷമായാണ് പ്രതികരിച്ചത്. ഫ്രാൻസ് ഭീകരവാദത്തെ സഹായിക്കുകയാണെന്നും മറ്റൊരു ഇറാൻ പ്രോക്‌സിയെ ഉണ്ടാക്കുകയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നടിച്ചു. നിലവിലെ സാഹചര്യങ്ങളിൽ സമാധാനപരമായ ഒരു രാജ്യമല്ല, ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെയുള്ള ഒരു രാജ്യമായിരിക്കും പലസ്തീൻ എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.