
മഞ്ചേരി: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളിലായി 86 വര്‍ഷം കഠിനതടവും നാലര ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ ചീരിക്കപ്പറമ്പില്‍ ജാബിര്‍ അലിയെയാണ് (30) കഠിന തടവിന് ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫിന്റേതാണ് വിധി.
പിഴയടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവ് അനുഭവിക്കണം. പ്രതിയുടെ റിമാന്‍ഡ് കാലാവധി ശിക്ഷയായി പരിഗണിക്കുമെന്നും തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം അതിജീവിതയ്ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
2022 ഏപ്രില്‍ 21-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ റസിയ ബങ്കാളത്താണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 19 സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചു. 39 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.