സ്‌കൂളില്‍ നിന്നു നല്‍കിയ അയണ്‍ ഗുളികകള്‍ മുഴുവന്‍ കഴിച്ചു : മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

സ്‌കൂളില്‍ നിന്നു നല്‍കിയ അയണ്‍ ഗുളികകള്‍ മുഴുവന്‍ കഴിച്ചു : മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ 




മലപ്പുറം : മലപ്പുറത്ത് സ്‌കൂളില്‍ നിന്ന് ലഭിച്ച അയണ്‍ ഗുളിക മുഴുവന്‍ കഴിച്ചതിനെ തുടര്‍ന്നു മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അനീമിയ മുക്ത് ഭാരത് പദ്ധതിയില്‍ കഴിഞ്ഞ ദിവസമാണ് അയണ്‍ ഗുളിക നല്‍കിയത്. ഒരു മാസത്തേക്ക് ആറ് ഗുളികകളാണ് നല്‍കിയത്. ആഴ്ചയില്‍ ഒന്ന് വീതമാണ് കഴിക്കേണ്ടത്.  വീട്ടില്‍ എത്തി രക്ഷിതാക്കളോടു പറഞ്ഞ ശേഷം കഴിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇത് അനുസരിക്കാതെ മുഴുവന്‍ ഗുളികകളും ക്ലാസില്‍ വച്ച് കഴിച്ചവരാണ് ആശുപത്രിയിലായത്. മറ്റു വിദ്യാര്‍ഥികള്‍ അധ്യാപകരോടു വിവരം പറഞ്ഞതിനെ തുടര്‍ന്ന് പ്രത്യേക പരിശോധന നടത്തി മുഴുവന്‍ ഗുളികകളും വിഴുങ്ങിയവരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടികളെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ഫറോക്ക് ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനായി വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു പ്രധാനാധ്യാപകന്‍ പറഞ്ഞു.