കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി.

ശാരീരിക അസ്വാസ്ഥ്യം; മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തു‌ടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം മിഥുന്റെ മൃതദേഹം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്.

അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശവും വൻജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. കുവൈത്തിൽ നിന്നെത്തിയ മിഥുന്റെ അമ്മ സുജ വിളന്തറയിലെ വീട്ടിലേക്കുള്ള യാത്രയിലാണ്. ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ആണ് മിഥുന്റെ സംസ്കാരം.മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങുകൾക്കെത്തും.

ഇതിനിടെ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ ഉണ്ടാകും.വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തിരുന്നു.സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആൻറണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.ഇദ്ദേഹം ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ മാനേജ്മെന്റിനും നോട്ടീസ് നൽകി