വി എസ് അച്യുതാനന്ദന്‌റെ സംസ്‌കാരം; ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം; ദീര്‍ഘദൂര ബസുകള്‍ ബൈപ്പാസ് വഴി പോകണം

വി എസ് അച്യുതാനന്ദന്‌റെ സംസ്‌കാരം; ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം; ദീര്‍ഘദൂര ബസുകള്‍ ബൈപ്പാസ് വഴി പോകണം



ആലപ്പുഴ : മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‌റെ സംസ്‌കാരച്ചടങ്ങുകള്‍ നാളെ നടക്കുന്നതിനാല്‍ ആലപ്പുഴ നഗരത്തിൽ ബുധനാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ദീര്‍ഘദൂര ബസുകള്‍ ബൈപ്പാസ് വഴി പോകാനും ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കരുതെന്നുമാണ് അറിയിപ്പ്. ചേര്‍ത്തല ഭാഗത്ത് നിന്ന് വരുന്ന ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന ദീര്‍ഘദൂര സര്‍വ്വീസുകള്‍ കളര്‍കോട് ബൈപ്പാസ് കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകണമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

1. എറണാകുളം, തണ്ണീർമുക്കം ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംക്‌ഷൻ, കോൺവെന്റ് സ്‌ക്വയർ, കണ്ണൻ വർക്കി പാലം, കലക്ടറേറ്റ് ജംക്‌ഷൻ വഴി പടിഞ്ഞാറോട്ട് വന്നു W/C വഴി ബീച്ച് റോഡിൽ വന്ന് പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക.

2. എസി റോഡ് വഴി വരുന്ന വാഹനങ്ങൾ ജിഎച്ച് ജംക്‌ഷൻ വഴി പടിഞ്ഞാറോട്ട് വന്ന് W/C വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. കൂടാതെ വസതിയിൽനിന്നു വിലാപയാത്ര പുറപ്പെട്ടതിനു ശേഷം എസി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളിയിൽനിന്ന് ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ എസ്ഡി കോളജ് ഗ്രൗണ്ട്, ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.

3. കായംകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ജിഎച്ച് ജംക്‌ഷൻ വഴി പടിഞ്ഞാറോട്ട് വന്നു W/C വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. ചെറിയ വാഹനങ്ങൾ ബീച്ച് റോഡിൽ പാർക്ക് ചെയ്യുക.

4. വസതിയിലെ പൊതുദർശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ചൊവ്വ രാത്രി 11 മുതൽ ബുധൻ രാവിലെ 11 വരെ പൂർണമായും നിരോധിച്ചു.