എംആര്‍ഐ സ്‌കാനിങ് മെഷീനിൽ കുടുങ്ങി 61-കാരൻ മരിച്ചു. യുഎസ്സിലെ ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡിലുള്ള വെസ്റ്റ്ബറിയില്‍ പ്രാദേശികസമയം ബുധനാഴ്ച വൈകീട്ട് നാലരയ്ക്കാണ് ദാരുണമായ സംഭവം നടന്നത്. ലോഹനിര്‍മിതമായ വലിയ മാല ധരിച്ചുകൊണ്ട് സ്‌കാനിങ് മുറിയിലേക്ക് അനുവാദമില്ലാതെ കയറിയ ആളാണ് മരിച്ചത്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന എംആര്‍ഐ മെഷീന്‍ ഇയാളെ വലിച്ചെടുക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ് അഥവാ എംആർഐ മെഷീനുകളെ ചുറ്റിപ്പറ്റിയുള്ള സുരക്ഷാ നിയമങ്ങൾ അനുസരിച്ച്, ശസ്ത്രക്രിയാ മുറിയിലേക്ക് ലോഹമൊന്നും കൊണ്ടുവരരുത്. രോഗികൾ സാധാരണയായി പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങൾ മാറ്റുകയും അവരുടെ ശരീരത്തിൽ എന്തെങ്കിലും ഇംപ്ലാന്റുകളോ ലോഹമോ ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം.
ആന്തരികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും മനസിലാക്കാനുള്ള സ്‌കാനിങ് രീതിയാണ് എംആര്‍ഐ. എക്‌സ് റേ പോലുള്ള രീതികളിലെ പോലെ വികിരണങ്ങള്‍ ഉള്‍പ്പെടെ ഹാനികരമായ ഒന്നും എംആര്‍ഐയില്‍ ഇല്ല. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളെ കണ്ടെത്താനും കൃത്യതയാര്‍ന്ന രോഗനിര്‍ണയത്തിനും എംആര്‍ഐ സ്‌കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഫൈനല്‍ ഡെസ്റ്റിനേഷന്‍ ബ്ലഡ്‌ലൈന്‍സ് എന്ന ചിത്രത്തില്‍ എംആര്‍ഐ മെഷീന്‍ വലിച്ചെടുത്തുള്ള അപകടമരണം കാണിച്ചിട്ടുണ്ട്.