മലപ്പുറം കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

മലപ്പുറം കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു




മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്‌ക്കായി തിരച്ചില്‍ നടത്തിവരികയായിരിന്നു. കൂട്ടില്‍ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്.

മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

വന്യജീവി ആക്രമണത്തില്‍ നിയമനിര്‍മാണം ആലോചനയിലെന്നെ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. നിലവിലുള്ള നിയമത്തില്‍നിന്ന് ചെയ്യാവുന്നത് ആലോചിക്കും. കാളികാവില്‍ പിടിയിലായ കടുവയെ വനം വകുപ്പ് സൂക്ഷിക്കും. എങ്ങോട്ട് മാറ്റണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും വനംമന്ത്രി പറഞ്ഞു.

അതേസമയം, കൂട്ടിലായ നരഭോജി കടുവയെ തുറന്നു വിടരുതെന്നും മൃഗശാലയിലേക്കോ മറ്റോ കടുവയെ മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.