അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം


അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം



ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തില പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ അടിയന്തരമായി പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് ഡിജിസിഎ. സ്വിച്ചുകള്‍ ഉള്‍പ്പെട്ട ത്രോട്ട് കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റി വച്ചതായി പറയുന്ന റിപ്പോര്‍ട്ടില്‍ ദുരൂഹത വര്‍ധിക്കുകയാണ്. അതേസമയം, വിമാനത്തിന് എഞ്ചിൻ തകരാറില്ലായിരുന്നുവെന്ന റിപ്പോർട്ട് എയർ ഇന്ത്യ സിഇഒ ക്യാംപ്ബെല്‍ വിത്സന്‍ സ്വാഗതം ചെയ്തു.ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഓഫായതാണ് ദുരന്തത്തിന് കാരണമായതെന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ ദുരൂഹത വര്‍ധിക്കുന്നതിനിടെയാണ് ഡിജിസിഎയുടെ അടിയന്തര നീക്കം. എല്ലാം ബോയിംഗ് വിമാനങ്ങളിലും നിര്‍ബന്ധമായും പരിശോധന നടത്തണം. തിങ്കളാഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. 2018ലെ ഉത്തരവനുസരിച്ചാണ് നടപടിക്ക് നിര്‍ദ്ദേശം. ചില എയര്‍ലൈന്‍സുകള്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നുെവെന്നും ഡിജിസിഎ അറിയിച്ചു. തിങ്കളാഴ്ച പാര്‍ലമെന്‍റ് സമ്മേളനം നടക്കാനിരിക്കേയാണ് ഡിജിസിഎ ഉണര്‍ന്നത്. സുരക്ഷ പരിശോധനയിലെ വീഴ്ചയില്‍ ഒടുവില്‍ ചേര്‍ന്ന പാര്‍ലമെന്‍റ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ഡിജിസിഎക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനിടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ സംശയം ഉയര്‍ന്നു.തകര്‍ന്ന വിമാനത്തിലെ ഓഫായിപോയ രണ്ട് ഫ്യുവല്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റിവച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫ്യുവല്‍ സ്വിച്ചുകളുടെ തകരാര്‍ കൊണ്ടല്ല മാറ്റിവച്ചതെന്ന് പറയുന്ന റിപ്പോര്‍ട്ട് എന്തുകൊണ്ട് രണ്ട് തവണ അറ്റ കുറ്റപണി നടത്തിയെന്ന് വിശദീകരിക്കുന്നില്ല. ഒടുവില്‍ അറ്റകുറ്റ പണി നടന്ന 2023ന് ശേഷം ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ക്ക് തകരാറുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോർട്ടിലെ ദുരൂഹത ചൂണ്ടിക്കാട്ടിയും, കൊല്ലപ്പെട്ട പൈലറ്റുമാരുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് എയര്‍ ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്. അതേ സമയം, വിമാനത്തിന് തകരാറൊന്നുമില്ലായിരുന്നുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എയര്‍ ഇന്ത്യ അനുകൂലമാക്കുകയാണ്. വിമാനത്തിന് തകരാറില്ലെന്ന എയര്‍ ഇന്ത്യയുടെ മുന്‍ വാദത്തിന് ബലം പകരുന്നതാണ് റിപ്പോര്‍ട്ട്.