ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം; റെയിൽവെ ഗതാഗതം താറുമാറായി, സംഭവം തമിഴ്നാട്ടിലെ തിരുവള്ളൂരിൽ


ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം; റെയിൽവെ ഗതാഗതം താറുമാറായി, സംഭവം തമിഴ്നാട്ടിലെ തിരുവള്ളൂരിൽ


ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. ട്രെയിനിന്‍റെ അഞ്ച് ബോഗികളിൽനിന്ന് തീ ആളിക്കത്തി. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ഓടെ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നത് പ്രദേശത്ത് ആശങ്ക ഉയര്‍ത്തി. നാട്ടുകാരടക്കം എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പരിഭ്രാന്തിയിലായി.&nbsp;</p><p>സംഭവത്തെ തുടര്‍ന്ന് പാതയിലെ റെയിൽവെ ഗതാഗതം താറുമാറായി. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ കൂടുതൽ പടരാതിരിക്കാനുള്ള ശ്രമം വിജയിച്ചത്. സംഭവത്തിൽ ആളപായമില്ലെന്ന് റെയില്‍വെ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് തിരുവള്ളൂര്‍ വഴിയുള്ള എട്ട് ട്രെയിനുകള്‍ റദ്ദാക്കി.ട്രെയിനിൽ തീ ആളിപടരാനും പൊട്ടിത്തെറിക്കാനും സാധ്യതയുള്ള ഡീസൽ ഇന്ധനമായതിനാൽ തന്നെ വലിയ അപകടമായി മാറുമായിരുന്നു.എന്നാൽ, തീ നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ട്രെയിനിലെ തീ നിയന്ത്രണ വിധേയമാക്കിയെന്നും ആര്‍ക്കും അപകടത്തിൽ പരിക്കില്ലെന്നും പൊലീസ് സൂപ്രണ്ട് എ ശ്രീനിവാസ പെരുമാള്‍ പറഞ്ഞു. തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും കൂടുതൽ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു.&nbsp;</p><p>തിരുവള്ളൂരിലെ മണലി ഹാള്‍ട്ട് റെയില്‍വെ സ്റ്റേഷനിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ചരക്കു ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനിന് തീപിടിച്ചതോടെ സമീപ പ്രദേശങ്ങളിലുള്ളവരെ ഉടൻ തന്നെ സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടുത്തത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് ചെന്നൈയിൽ നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി.