തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ പോലീസ് പിടിയിൽ

തലശ്ശേരി:
നഗരമധ്യത്തിലെ ഒരു ലോഡ്ജിൽ ലഹരി വില്പന നടത്തുന്ന സംഘം എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് പേർ പിടിയിലായി. തലശ്ശേരി എ.സി.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ. ഷമീലയും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
തലശ്ശേരി ടെബിൾ ഗേറ്റിലെ റംലാസ് വീട്ടിൽ നദീം, എറണാകുളം പള്ളുരുത്തി സ്വദേശിയായ റിഷാദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 15.49 ഗ്രാം എം.ഡി.എം.എ, 5.61 ഗ്രാം കഞ്ചാവ്, 3.07 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പോലീസ് പിടികൂടി.
വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നുകളാണ് ഇവർ കൈവശം വെച്ചിരുന്നത്. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടുനിന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായും സംശയിക്കുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും