കടക്ക് മുന്നിൽ ട്രാൻസ്ഫോമർ സ്ഥാപിച്ച സംഭവത്തിൽ നഗരസഭയുടെയും വ്യാപാരി സംഘടനകളുടെയും ഇടപെടൽ.
ഇരിട്ടി : ശ്രീ ഏജൻസിസ് ബുക്ക് സ്റ്റാളിനു മുന്നിൽ വഴിയടച്ച് കെ എസ് ഇ ബിയുടെ ട്രാൻസ്ഫോമർ സ്ഥാപിച്ച സംഭവത്തിൽ നഗരസഭയുടെയും വ്യാപാരി സംഘടനകളുടെയും ഇടപെടൽ. ബുക്ക്സ്റ്റാളിനു മുന്നിലായി വാഹനം നിർത്തിയുള്ള വഴിയോര കച്ചവടം അവിടെ നിന്നും മാറ്റും. കെ എസ് ടി പി റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി കടയ്ക്കു മുന്നിൽ നടപ്പാതയിൽ സ്ഥാപിച്ച കൈവരി മുറിച്ചുമാറ്റി കടയിലേക്ക് പ്രവേശിക്കാൻ തക്കവണ്ണം വഴിയൊരുക്കും. ട്രാൻസ്ഫോർമറിനു ചുറ്റും നിർമ്മിച്ച സുരക്ഷ വേലി കടയിലേക്കു ആളുകൾക്കു സുഗമമായി പ്രവേശിക്കാൻ സാധിക്കും വിധത്തിൽ പുന:സ്ഥാപിക്കും. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത, പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, കടയുടമ രാജു, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ റെജി തോമസ്, കെ.അബ്ദുൾ റഹ്മാൻ, വ്യാപാരി വ്യവസായി സമിതി നേതാക്കളായ പി.പ്രഭാകരൻ, ടി.എം..ഫക്രുദ്ധീൻ എന്നിവരുടെ നേതൃത്വത്തിൽ കെ എസ് ഇ.ബി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിക്കാൻ തീരുമാനമായത്.
ഇരിട്ടി നഗരത്തിൽ അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവിടെ പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ തീരുമാനിച്ചത്. ട്രാൻസ്ഫോമർ സ്ഥാപിക്കാൻ മറ്റൊരു സ്ഥലമാണ് ആദ്യംകണ്ടെത്തിയിരുന്നത്. ഇവിടെ ചില പ്രായോഗിക പരാഹ്നങ്ങൾ ഉണ്ടായതോടെയാണ് ഇപ്പോൾ സ്ഥാപിച്ച സ്ഥലം കണ്ടെത്തി അങ്ങോട്ട് മാറ്റിയത് എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് ഇരുവശവും രണ്ട് വഴിയോര കച്ചവടങ്ങൾ പ്രവർത്തിക്കുന്നതും ട്രാൻസ്ഫോർമറിന്റെ സുരക്ഷാ വേലികൾ കടയിലേക്കുള്ള വഴി തടയും വിധമായതുമനുപ്രശ്നത്തിനിടയാക്കിയത്. ഇതിനെതിരെ ആയിരുന്നു കഴിഞ്ഞ ഞായറാഴ്ച കട ഉടമ പ്രതിഷേധിച്ചതും ഇരിട്ടി പോലീസ് കടയുടമയെ കസ്റ്റഡിയിലെടുത്തതും. ഇത് വലിയ വിവാദമാവുകയും കടയുടമയുടെ അനുമതി ഇല്ലാതെ കടയ്ക്ക് മുന്നിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചതിനെതിരെ വ്യാപാര സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്‌തു. ഇതിനെത്തുടർന്നാണ് വ്യാപാരികളും, ഇരിട്ടി നഗരസഭ, കെ എസ് ഇ ബി അധികൃതരും ചേർന്ന് ചർച്ച നടന്നതും പ്രശ്നത്തിന് പരിഹാരം കണ്ടതും.