വിദ്വേഷ പ്രസംഗകരുടെ പ്രായോജകരായി സംസ്ഥാന സർക്കാർ മാറി - റസാഖ് പാലേരി

വിദ്വേഷ പ്രസംഗകരുടെ പ്രായോജകരായി സംസ്ഥാന സർക്കാർ മാറി - റസാഖ് പാലേരി









കണ്ണൂർ: എസ് എൻ ഡി പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ - വിദ്വേഷ പ്രസംഗങ്ങൾ കേരളീയ സാമൂഹിക ആരോഗ്യത്തിന് ഗുരുതരമായ ആഘാതങ്ങളാണ് ഏൽപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. കണ്ണൂരിൽ നടന്ന 'മീറ്റ് ദ പ്രസ്' പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ വിദ്വേഷ പ്രചാരകരെ വെല്ലുന്ന രീതിയിൽ വെള്ളാപ്പള്ളിയുടെ എല്ലാ പ്രസംഗങ്ങളും മുസ്‌ലിം വിദ്വേഷത്തിലും വെറുപ്പിലും കേന്ദ്രീകരിക്കപ്പെടുകയാണ്. വസ്തുതകളെയോ യാഥാർത്ഥ്യങ്ങളെയോ മുൻനിറുത്തി മാന്യവും ജനാധിപത്യപരവുമായ ഭാഷയിൽ സംസാരിക്കുന്നതിന് പകരം കള്ളങ്ങളും ഊഹങ്ങളും വ്യാജ ആരോപണങ്ങളും തൊടുത്തു വിടുന്ന വെള്ളാപ്പള്ളി ആരുടെ താൽപര്യങ്ങളാണ് വിദ്വേഷ പ്രചാരണത്തിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ശ്രീനാരായണ ഗുരുവിൻ്റെ ദർശന - പാരമ്പര്യവും പിന്നാക്ക സമുദായ ശാക്തീകരണവും അവകാശപ്പെടുന്ന ഒരു സമുദായ സംഘടനയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു നേതാവിൽ നിന്ന് നിലവാരം കുറഞ്ഞതും സമുദായ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നതുമായ പ്രസ്താവനകൾ വരുന്നത് പ്രതിഷേധാർഹമാണ്. 

മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ  കഴിഞ്ഞ ദിവസം മന്ത്രി വി എൻ വാസവൻ വരെ വെള്ളാപ്പള്ളിക്ക് സ്തുതി പാടുന്ന അങ്ങേയറ്റം അശ്ലീലമായ കാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. വെറുപ്പും വിദ്വേഷവും തുപ്പുന്ന ഒരു വ്യക്തിക്കെതിരിൽ ശക്തമായ നിയമനടപടികൾ കൈക്കൊണ്ട് സമൂഹത്തിന് ശക്തമായ സന്ദേശം നൽകേണ്ടവാരാണ് സംസ്ഥാന സർക്കാർ. അതിനു പകരം വെള്ളാപ്പള്ളിയെ വെള്ള പൂശുന്ന ഏർപ്പാടാണ് ഇപ്പോൾ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. കേരളത്തിൻ്റെ സാമുദായിക സൗഹാർദ്ദ അന്തരീക്ഷത്തെ പോറലേൽക്കാതെ സംരക്ഷിക്കുന്നതിൽ പിണറായി വിജയൻ്റെ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണ്. പി സി ജോർജ്, ഷാജൻ സ്‌കറിയ, ശശികല മുതൽ വെള്ളാപ്പള്ളി വരെയുള്ളവർ വിദ്വേഷ - വർഗീയ ആഹ്വാനങ്ങളുമായി കേരളത്തിൽ നിറഞ്ഞാടുകയാണ്. കാസ പോലുള്ള വംശീയ കൂട്ടായ്മകളെയും വെറുപ്പ് വിളമ്പുന്ന അസംഖ്യം യൂട്യൂബ് ചാനലുകളെയും സാമൂഹ്യ മാധ്യമ പേജുകളെയും നിയന്ത്രിക്കാൻ ആഭ്യന്തര വകുപ്പ് ചെറുവിരൽ പോലും അനക്കുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതിന് സമാനമായി വിദ്വേഷ പ്രചാരണത്തിന് ആഭ്യന്തര വകുപ്പിൻ്റെ പിന്തുണ ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറി. ഈ നിലപാട് തിരുത്തിയില്ലെങ്കിൽ അത് കേരളത്തെ വലിയ അപകടത്തിലേക്ക് കൊണ്ടെത്തിക്കും. നിരന്തരം വെറുപ്പ് വിളമ്പുന്ന ഒരു സമുദായ സംഘടന നേതാവിനെ കേരളത്തിലെ സർക്കാർ മുൻകൈ എടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയുടെ ചെയർമാനായി ഇപ്പോഴും വാഴിക്കുന്ന പിണറായി വിജയൻ കേരളീയ നാവോത്ഥാന പാരമ്പര്യങ്ങൾക്ക് നേര പല്ലിളിച്ചു കാട്ടുകയാണ് ചെയ്യുന്നത്. 

ഹൈബി ഈഡനും കെ ബാബുവും അടങ്ങുന്ന കോൺഗ്രസ് നേതാക്കളും വെള്ളാപ്പള്ളി സ്തുതിയിലൂടെ കേരളത്തോട് ചെയ്തിരിക്കുന്നത് കൊടിയ ദ്രോഹമാണ്. ധീരവും സത്യസന്ധവുമായ നിലപാടുയർത്തിപ്പിടിക്കാൻ മതനിരപേക്ഷ പക്ഷത്തുള്ള രാഷ്ട്രീയ  നേതാക്കൾക്കും ജനപ്രതിനിധികൾക്കും ബാധ്യതയുണ്ട്. വെള്ളാപ്പള്ളിയെ തിരുത്തുന്ന ഒരു പരാമർശം പോലും ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായില്ല എന്നത് അങ്ങേയറ്റം പ്രതിക്ഷേധാർഹമാണ്. 

സാമൂഹിക സാമുദായിക സൗഹാർദ്ദവും സഹവർത്തിത്വവും കേരളീയ സമൂഹത്തിന് ജീവവായുവേക്കാൾ മൂല്യവത്തായ മൂല്യങ്ങളാണ്. സാമൂഹ്യനീതി നടപ്പിൽ വരുത്തിയും സാഹോദര്യം ഉയർത്തിപ്പിടിച്ചുമാണ് കേരളം മുന്നോട്ട് നീങ്ങേണ്ടത്. കേരളീയ നവോത്ഥാനത്തിൻ്റെ ചരിത്രപാഠങ്ങളാണത്. കേരളത്തെ തന്നെ തകർക്കുവാനുള്ള ശ്രമങ്ങളാണ് വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരിക്കുന്നത്. കള്ളവും വ്യാജവും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും കൂട്ടിക്കുഴച്ച് സാമുദായിക ധ്രുവീകരണവും അപരമത വിദ്വേഷവും പ്രചരിപ്പിക്കുന്ന ശൈലി വെള്ളാപ്പള്ളി നടേശൻ തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

*പത്രസമ്മേളനത്തിൽ പങ്കെടുത്തവർ*

- റസാഖ് പാലേരി (സംസ്ഥാന പ്രസിഡണ്ട്)
- സാദിഖ് ഉളിയിൽ (ജില്ലാ പ്രസിഡണ്ട്) 
- വി.വി ചന്ദ്രൻ (ജില്ല വൈസ് പ്രസിഡണ്ട്)
- ജാവിദ ടി.പി (ജില്ല വൈസ് പ്രസിഡണ്ട്)


2025 ജൂലൈ 21