പ്രൈവറ്റ് ഹെലികോപ്ടർ, ഡ്രോൺ, ടോയ് പ്ലെയിൻ എന്നിവ പറത്തരുത്, കർശന നിർദേശം; ഉപരാഷ്ട്രപതി സന്ദർശിക്കുന്നതിനാൽ നിയന്ത്രണം
തൃശൂർ: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്‍റെ യാത്രയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. കണ്ടാണ്ണശ്ശേരി ഗ്രാമപഞ്ചായത്ത്, ഗുരുവായൂർ മുനിസിപ്പാലിറ്റി എന്നീ പ്രദേശങ്ങളിലെ എയർ സ്പേസിൽ പ്രൈവറ്റ് ഹെലികോപ്ടർ, ഡ്രോൺ, ഹാംഗ് ഗ്ലൈഡറുകൾ, ടോയ് പ്ലെയിൻ എന്നിവയുടെ ഉപയോഗം ജൂലൈ ഏഴിന് രാവിലെ എട്ട് മണി മുതൽ 10.30വരെ നിരോധിച്ചതായി ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി.അതേസമയം, ഉപരാഷ്ട്രപതി സന്ദർശനത്തിന് എത്തുന്നതിനാൽ ജൂലൈ ഏഴ് തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും മറ്റ് ചടങ്ങുകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദർശനത്തിന് എത്തുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ക്ഷേത്രത്തിൽ നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.ജൂലൈ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ പത്തുമണിവരെ നിയന്ത്രണമേർപ്പെടുത്തും. ഈ സമയം വിവാഹം, ചോറൂൺ ചടങ്ങ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും. വിവാഹം, ചോറൂൺ ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് മുൻപോ പത്ത് മണിക്ക് ശേഷമോ നടത്തേണ്ടതാണെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. തിരക്ക് ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വിവാഹ ചടങ്ങുകൾക്കായി കൂടുതൽ വിവാഹ മണ്ഡപങ്ങൾ ഏർപ്പെടുത്തും.