പാദപൂജ: പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും, കുറ്റക്കാർ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട്കാല് കഴുകിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണ്. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും. മാനസിക പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. കുറ്റക്കാർ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ അത്യുജ്ജ്വല നേട്ടത്തെ തകർക്കുന്ന സമീപനമാണ് ഗവർണറുടേതെന്നും പാദപൂജ വിവാദത്തിൽ ഗവർണർക്ക് മന്ത്രി മറുപടി നൽകി.കാല് കഴുകിപ്പിക്കൽ നീചമായ നടപടിയാണ്. ചരിത്രത്തെ വളച്ചൊടിക്കലും അനാചാരങ്ങൾ തിരികെ കൊണ്ടുവരിക എന്നതുമാണ് ആർഎസ്എസ് നയം. കാല് കഴുകുന്നത് കേരളത്തിന്റെ സംസ്കാരമല്ല. ആർഎസ്എസ് അജണ്ടയാണ് ഗവർണറിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കുട്ടികളെ കൊണ്ട് കാൽ കഴുകിക്കാനാകില്ല. സ്കൂളുകൾക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.ഗവർണർ ഇങ്ങനെ പറയുന്നത് ശരിയല്ല. ഭാരതീയ സംസ്കാരത്തിൽ എവിടെയാണ് കാൽ കഴുകൽ പറയുന്നത്. കൊച്ചു പിള്ളേരെ കൊണ്ട് കാല് കഴുകിച്ച് ദേഹത്തെ അഴുക്ക് കളയിക്കുന്നത് ശരിയല്ല. ഈ സ്കൂളുകളിൽ സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ട്. റിപ്പോർട്ട് കിട്ടിയിട്ട് നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ സമയത്തിൽ സംശയം ഉള്ളവരെയെല്ലാം കാര്യങ്ങൾ ബോധ്യപ്പെടുത്തും. സമസ്തയെ മാത്രമായി ചർച്ചയ്ക്ക് വിളിക്കാനാകില്ല. ഹൈസ്കൂൾ വിഭാഗത്തിൽ മാത്രമാണ് അരമണിക്കൂർ സമയം നീട്ടിയത്. 38 വെള്ളിയാഴ്ചകൾ ഇതിൽ ഒഴിവാക്കിയിട്ടുണ്ട്. 220 പ്രവർത്തി ദിവസങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്താനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.ദേശീയാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. 2014 ൽ യുഡിഎഫ് കാലത്ത് ഹയർസെക്കണ്ടറി സ്കൂൾ സമയം നീട്ടിയിരുന്നു. അന്ന് ആർക്കും പരാതി ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ വിവാദങ്ങൾ സംശയങ്ങൾ ഉണ്ടാക്കുന്നു. അരമണിക്കൂർ വീതമാണ് കൂട്ടിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത സമയ പ്രശ്നം കേരളത്തിൽ മാത്രം എന്തിനാണ്. ഒരു സംഘടനയെയും താൻ വെല്ലുവിളിച്ചിട്ടില്ല. സമയമാറ്റത്തിൽ പുനരാലോചനയില്ല. സമയമാറ്റം പിൻവലിക്കാനാകില്ല. സമസ്ത ഉൾപ്പടെയുള്ളവർ സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.