കൊച്ചി: സൂരേഷ് ഗോപി നായകനായ ജാനകി വേഴ്‌സസ് കേരളാ സ്‌റ്റേറ്റ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്‍സര്‍ബോര്‍ഡ് ഒടുവില്‍ അയയുന്നു. സിനിമയുടെ പേരുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇളവ് വരുത്തുന്നതിനും സിനിമയ്ക്ക് ആദ്യം നിര്‍ദേശിച്ച 96 കട്ടുകള്‍ വേണ്ടെന്നും സെന്‍സര്‍ബോര്‍ഡ് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ പേരിന് ഇനിഷ്യല്‍ കൂടി ചേര്‍ക്കാനാണ് ഒരു നിര്‍ദേശം.
സിനിമയുടെ 'ജാനകി' എന്ന പേര് മാറ്റേണ്ടതില്ലെന്നും പകരം മുന്നിലോ പിന്നിലോ വി. എന്ന് ഇനീഷ്യല്‍ ചേര്‍ക്കാനുമാണ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന വിചിത്രവാദം. സിനിമയില്‍ കോടതിയുടെ വിചാരണവേള രംഗത്ത് ജാനകി എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. സിനിമയ്ക്ക് ആദ്യം നിര്‍ദേശിച്ചിരുന്ന 96 കട്ടുകള്‍ വേണ്ടെന്നും കോടതിയില്‍ സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ 96 ഭാഗങ്ങളില്‍ കട്ട് വേണ്ടി വരുമ്പോള്‍ റി ഡബ്ബ് ചെയ്യേണ്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അണിയറക്കാര്‍ക്കുള്ള പ്രതിസന്ധിയായിരുന്നു.
സബ് ടൈറ്റിലില്‍ 'വി' എന്നത് പേരിന് മുന്നിലോ പിന്നിലോ ഉപയോഗിക്കണം. ജാനകി വിദ്യാധരന്‍ എന്നാണ് സിനിമയിലെ നായികയുടെ പേര്. ഹൈക്കോടതി നിര്‍മ്മാതാക്കളുടെ നിലപാട് തേടിയിട്ടുണ്ട്. ഹൈക്കോടതി കേസ് വീണ്ടും പരഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കണം. സിനിമ തര്‍ക്കത്തിലായതോടെ സിനിമ കാണണമെന്ന നിലപാട് ഹൈക്കോടതി എടുത്തിരുന്നു. തുടര്‍ന്ന് ലാല്‍മീഡിയയില്‍ ജസ്റ്റീസ് എന്‍ അഖിലേഷ് ലാല്‍മീഡിയയില്‍ എത്തി സിനിമ കണ്ടിരുന്നു. കേസ് 1.45 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.