ഇഡി 'സൂപ്പർ കോപ്പല്ല', കടുത്ത നിരീക്ഷണവുമായി ഹൈക്കോടതി; 'ഇഡിക്ക് തോന്നിയത് പോലെ പ്രവർത്തിക്കാനാവില്ല'


ഇഡി 'സൂപ്പർ കോപ്പല്ല', കടുത്ത നിരീക്ഷണവുമായി ഹൈക്കോടതി; 'ഇഡിക്ക് തോന്നിയത് പോലെ പ്രവർത്തിക്കാനാവില്ല'


ചെന്നൈ: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) തോന്നിയ പോലെ പ്രവർത്തിക്കാൻ പാടില്ലെന്നുള്ള പരാമര്‍ശവുമായിമദ്രാസ് ഹൈക്കോടതി. അനന്തമായ അന്വേഷണ അധികാരങ്ങളുള്ള ഒരു "സൂപ്പർ കോപ്" (super cop) അല്ല ഇ‍ഡി എന്നാണ് കോടതി വ്യക്തമാക്കിയത്. കള്ളപ്പണ കേസിൽ 901 കോടി രൂപയുടെ സ്ഥിര നിക്ഷേപങ്ങൾ ഇഡി മരവിപ്പിച്ചത് ചോദ്യം ചെയ്തുകൊണ്ട് ചെന്നൈ ആസ്ഥാനമായുള്ള ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജി പരിഗണിക്കുയായിരുന്നു മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എം എസ് രമേഷ്, ജസ്റ്റിസ് വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ശക്തമായ പരാമർശങ്ങൾ നടത്തിയത്.ഛത്തീസ്ഗഢിലെ ഒരു താപവൈദ്യുത നിലയത്തിന് കൽക്കരി ബ്ലോക്കുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് 2014ൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. എന്നാൽ, 2017ൽ സിബിഐ കേസ് അവസാനിപ്പിക്കാൻ റിപ്പോർട്ട് നൽകി. കൽക്കരി അനുവദിച്ചതിൽ യാതൊരു ക്രമക്കേടും കണ്ടെത്തിയില്ലെന്നായിരുന്നു സിബിഐയുടെ റിപ്പോർട്ട്എന്നാൽ, സിബിഐയുടെ ഈ റിപ്പോർട്ടിൽ പ്രത്യേക സിബിഐ കോടതിക്ക് തൃപ്തി വരാത്തതിനെ തുടർന്ന് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടു. 2023ൽ സിബിഐ ഒരു അനുബന്ധ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. അന്നത്തെ ഇന്ത്യൻ പീനൽ കോഡിന്‍റെയും അഴിമതി നിരോധന നിയമത്തിന്‍റെയും വകുപ്പുകൾ പ്രകാരം പ്രോസിക്യൂഷൻ ആവശ്യപ്പെടുന്ന മതിയായ കുറ്റകരമായ തെളിവുകൾ കണ്ടെത്തിയതായി ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.ഇതിനെത്തുടർന്ന്, ആർകെഎംപിയുമായി ബന്ധപ്പെട്ട ഡയറക്ടർമാരുടെയും ഹോൾഡിംഗ് കമ്പനികളുടെയും സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ഈ വർഷം ജനുവരി 31ന് 901 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിനെ കമ്പനി കോടതിയിൽ ചോദ്യം ചെയ്യുകയും കോടതി അത് റദ്ദാക്കുകയും ചെയ്തു.ഈ സംഭവവികാസങ്ങൾ കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതി കടുത്ത നിരീക്ഷണം നടത്തിയത്. പിഎംഎൽഎയിലെ സെക്ഷൻ 66(2) പ്രകാരം മറ്റ് നിയമ ലംഘനങ്ങൾ ഇഡി കണ്ടെത്തിയാൽ ആ കുറ്റങ്ങൾ അന്വേഷിക്കുന്നതിൽ ഇഡിക്ക് മുൻകൈയെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമുള്ള ഏജൻസിയെ ഇഡി അറിയിക്കണം.ഇഡി ചൂണ്ടിക്കാണിച്ച പുതിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും സമർപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശ്രദ്ധയിൽപ്പെടുന്ന എന്തും അന്വേഷിക്കാൻ കഴിയുന്ന ഒരു 'സൂപ്പർ കോപ്പല്ല' ഇഡി എന്നും എന്നും കോടതി പറഞ്ഞു.