സംസ്ഥാനത്തെ ജയിലുകളില്‍ ആവശ്യത്തിന് സുരക്ഷ ജീവനക്കാരില്ല; ജയില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സുരക്ഷയൊരുക്കാന്‍ കഴിയാത്ത അവസ്ഥ


സംസ്ഥാനത്തെ ജയിലുകളില്‍ ആവശ്യത്തിന് സുരക്ഷ ജീവനക്കാരില്ല; ജയില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സുരക്ഷയൊരുക്കാന്‍ കഴിയാത്ത അവസ്ഥ


സംസ്ഥാനത്തെ ജയിലുകളില്‍ ആവശ്യത്തിന് സുരക്ഷ ജീവനക്കാരില്ല. ജീവനക്കാരില്ലാത്തതിനാല്‍ ജയില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സുരക്ഷയൊരുക്കാന്‍ കഴിയില്ല. സുരക്ഷയൊരുക്കേണ്ട ജീവനക്കാര്‍ മറ്റ് ജയില്‍ വ്യവസായ സംരംഭങ്ങളിലും പണിയെടുക്കണം. 24 മണിക്കൂറും പണിയെടുപ്പിച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍.

സംസ്ഥാനത്തെ ഓരോ ജയിലുകളിലും അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തടവുകാരാണ് ശിക്ഷ അനുഭവിച്ച് കഴിയുന്നത്. എന്നാല്‍ തടവുകാര്‍ക്ക് അനുസരിച്ചുള്ള സുരക്ഷാ ജീവനക്കാര്‍ ജയിലുകളില്‍ ഇല്ല. ആറ് തടവുകാര്‍ക്ക് ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളിലായി മൂന്ന് ജീവനക്കാര്‍ വേണമെന്നാണ് ജയില്‍ മാനദണ്ഡം. എന്നാല്‍ ആ നിയമങ്ങള്‍ ഒന്നും പാലിക്കപ്പെടുന്നില്ല. സംസ്ഥാനത്തെ ജയിലുകളില്‍ ആകെ 10375 പുരുഷ തടവുകാര്‍ ഉണ്ട്. ജയില്‍ ചട്ടം അനുസരിച്ച് ഇവരുടെ സുരക്ഷ ചുമതലയ്ക്ക് 5187 അസി: പ്രിസണ്‍ ഓഫീസര്‍മാര്‍ വേണം. എന്നാല്‍ ആകെ യുള്ളത് 1284 പേര്‍ മാത്രം.
മൂന്ന് APO മാര്‍ക്ക് ഒരു ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എന്ന നിലയില്‍ വേണമെന്നും നിയമമുണ്ട്. അങ്ങനെയാണെങ്കില്‍ 1729 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍ വേണമെന്നാണ് കണക്ക്.എന്നാല്‍ നിലവില്‍ ഉള്ള DPO മാരുടെ എണ്ണം 447 ആണ്.

ആകെയുള്ള സുരക്ഷാ ജീവനക്കാരെയാണ് മറ്റ് ഓഫീസ് ഡ്യൂട്ടികള്‍ക്കും ഉപയോഗിക്കുന്നത്. സുരക്ഷയൊരുക്കേണ്ട ജീവനക്കാര്‍ ജയില്‍ വ്യവസായ സംരംഭങ്ങളിലും പണിയെടുക്കണം. ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി പണിയെടുത്താല്‍ നാലു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നാണ്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. എല്ലാവരും 24 മണിക്കൂറും ഡ്യൂട്ടിയെടുക്കണം. അമിതജോലി ഭാരം നല്‍കി മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ്. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരുതരത്തിലുള്ള ജയില്‍ നിയമങ്ങളും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.