മാലെഗാവ് സ്‌ഫോടനക്കേസില്‍ ബിജെപി മുന്‍ എംപി പ്രജ്ഞാ സിംഗ് ഉള്‍പ്പെടെ എല്ലാ പ്രതികളേയും വെറുതെ വിട്ടു; വിധി പുറപ്പെടുവിച്ചത് പ്രത്യേക എന്‍ഐഎ കോടതി


മാലെഗാവ് സ്‌ഫോടനക്കേസില്‍ ബിജെപി മുന്‍ എംപി പ്രജ്ഞാ സിംഗ് ഉള്‍പ്പെടെ എല്ലാ പ്രതികളേയും വെറുതെ വിട്ടു; വിധി പുറപ്പെടുവിച്ചത് പ്രത്യേക എന്‍ഐഎ കോടതി


17 വര്‍ഷം മുമ്പ് രാജ്യത്തെ ഞെട്ടിപ്പിച്ച മാലെഗാവ് ബോംബ് സ്‌ഫോടനക്കേസില്‍ ബിജെപി മുന്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ അടക്കം എല്ലാ പ്രതികളേയും വെറുതെ വിട്ട് പ്രത്യേക എന്‍ഐഎ കോടതി. മാലെഗാവ് ബോംബ് സ്‌ഫോടന കേസിലെ ഏഴുപ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടു. പ്രോസിക്യൂഷന് ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. സ്‌ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും കോടതി പറഞ്ഞു. യുഎപിഎ കുറ്റവും അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും തെളിയിക്കാനായില്ലെന്ന് കോടതി വിധിപുറപ്പെടുവിച്ച് വ്യക്തമാക്കി.

ബിജെപി നേതാവും മുന്‍ എംപിയുമായ പ്രജ്ഞാസിങ് ഠാക്കൂര്‍, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്. മഹാരാഷ്ട്രയിലെ നാസിക്കിന് അടുത്ത് മാലെഗാവില്‍ 2008 സെപ്റ്റംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറു പേരാണു മരിച്ചത്. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു.

തിരക്കേറിയ മാര്‍ക്കറ്റിനടുത്ത് ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മാലെഗാവില്‍ റമസാന്‍ മാസത്തില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. എടിഎസ് (ഭീകര വിരുദ്ധ സേന) അന്വേഷിച്ച കേസ് 2011ലാണ് എന്‍ഐഎ ഏറ്റെടുത്തത്. 323 സാക്ഷികളില്‍ 37 പേര്‍ കൂറുമാറിയിരുന്നു. സ്‌ഫോടനം നടന്ന് 17 വര്‍ഷത്തിനു ശേഷം വിധി പ്രഖ്യാപിച്ചപ്പോഴേക്കും കൂറുമാറ്റം അടക്കം കാരണങ്ങളിലും പ്രോസിക്യൂഷന്റെ പരാജയത്തിലും വിരല്‍ ചൂണ്ടിയാണ് പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നത്.

കേസിലെ ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും ഏഴ് പ്രതികളും സംശയത്തിന്റെ ആനുകൂല്യം അര്‍ഹിക്കുന്നുവെന്നും എന്‍ഐഎയ്ക്ക് നല്‍കിയ കേസ് പരിഗണിച്ച പ്രത്യേക ജഡ്ജി എ കെ ലഹോട്ടി ഇന്ന് പറഞ്ഞു. 26/11 മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെ തലവനായ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആയിരുന്നു മാലെഗോവ് സ്‌ഫോടനത്തില്‍ അന്വേഷണത്തിന് ആദ്യം നേതൃത്വം നല്‍കിയത്. 2008 ഒക്ടോബറിലാണ് എടിഎസ് ആദ്യ അറസ്റ്റ് നടത്തിയത്. സ്‌ഫോടനത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന മോട്ടോര്‍ സൈക്കിള്‍ പ്രജ്ഞാ ഠാക്കൂറുടേതാണെന്ന് കണ്ടെത്തി. ഗൂഢാലോചനക്കാര്‍ക്ക് അവര്‍ അത് കൊടുത്തതായി ഹേമന്ത് കര്‍ക്കറെയും സംഘവും കണ്ടെത്തി. മുന്‍ സൈനിക ഉദ്യോഗസ്ഥരും അഭിനവ് ഭാരത് എന്ന അധികം അറിയപ്പെടാത്ത ഒരു മൗലികവാദി ഗ്രൂപ്പിലെ അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു സംഘത്തിലെ അംഗമായിരുന്നു അവര്‍ എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കര്‍ക്കറെയുടെ മരണവും പിന്നീട് എന്‍ഐഎയ്ക്ക് കേസ് മാറിയതുമെല്ലാം മാലെഗാവ് സ്‌ഫോടനകേസില്‍ മാറ്റമുണ്ടാക്കി. എന്‍ഐഎയുടെ അന്വേഷണത്തിലെ വഴിമാറ്റം ശ്രദ്ധയില്‍പ്പെട്ടതിനാലാവും വിധിപ്രഖ്യാപനത്തില്‍ കോടതി ഇങ്ങനെ കൂടി കൂട്ടിച്ചേര്‍ത്തത്.

സ്‌ഫോടനം നടന്നതായി പ്രോസിക്യൂഷന്‍ വിജയകരമായി തെളിയിച്ചുവെന്നും എന്നാല്‍ മോട്ടോര്‍ സൈക്കിളില്‍ ബോംബ് ഘടിപ്പിച്ചിരുന്നതായി സ്ഥാപിക്കുന്നതില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരാജയപ്പെട്ടുവെന്നും വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. സ്്‌ഫോടനത്തിന് ആര്‍ഡിഎക്‌സ് ഉപയോഗിച്ചതായി ആരോപണമുണ്ടെങ്കിലും, ലഫ്റ്റനന്റ് കേണല്‍ പുരോഹിതിന്റെ വസതിയില്‍ ആര്‍ഡിഎക്‌സ് സൂക്ഷിച്ചിരുന്നതായി തെളിവില്ലെന്നും അദ്ദേഹം ബോംബ് സംയോജിപ്പിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. പ്രജ്ഞാസിംഗ് ഠാക്കൂറിന്റേതാണ് പൊട്ടിത്തെറിച്ച മോട്ടോര്‍ സൈക്കിള്‍ എന്ന് തെളിയിക്കുന്നതിനും ഇന്ന് ഒരു തെളിവും എന്‍ഐഎയ്ക്ക് കാണിക്കാനില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.