ജ്യോതി മൽഹോത്രക്ക് ബിജെപി ഓഫീസിൽ നിന്ന് പാസ് നൽകിയതാരാണ്, സുരേന്ദ്രൻ മറുപടി പറയണം: സന്ദീപ് വാര്യർ
പാലക്കാട്: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് ഒപ്പമുള്ള കേരളാ ബിജെപി നേതാക്കളുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ ആരോപണവുമായി സന്ദീപ് വാര്യർ. വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകൾ ബിജെപി ഓഫീസിൽ നിന്നാണ് നേരിട്ട് വിതരണം ചെയ്തെന്നും പാക്കിസ്ഥാൻ ചാരയായ ജ്യോതി മൽഹോത്രക്ക് ബിജെപി ഓഫീസിൽ നിന്ന് ആരാണ് വന്ദേ ഭാരത് പാസ് നൽകിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡണ്ട് വെളിപ്പെടുത്തണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.വീഡിയോ ദൃശ്യങ്ങളിലുള്ള കെ സുരേന്ദ്രന്റെയും മുരളീധരന്റെയും "വേണ്ടപ്പെട്ടവർക്കൊക്കെ" വന്ദേ ഭാരത് ഉദ്ഘാടന പാസ് നൽകിയിട്ടുണ്ട്. ജ്യോതി മൽഹോത്രയ്ക്കും അങ്ങനെ കിട്ടിയതാകും. നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികൾക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചു കിട്ടുമെന്ന് സ്വപ്നത്തിൽ കരുതിയിട്ടുണ്ടാവില്ലെന്നും സന്ദീപ് പരിഹസിച്ചു.മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഒപ്പമുള്ള വന്ദേ ഭാരത ട്രെയിനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വന്ദേഭാരത് ട്രെയിന്റെ പ്രചാരണത്തിന് വേണ്ടി ജ്യോതി മൽഹോത്ര കേരളത്തിലെത്തിയ വേളയിലാണ് ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള വീഡിയോ ചിത്രീകരിച്ചത്. കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി.മുരളീധരനുമായി സംസാരിച്ച് വ്ലോഗും തയ്യാറാക്കി. കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മൽഹോത്ര യാത്ര ചെയ്തത്.