കാസർകോട് വിദ്യാർത്ഥികളെ കൊണ്ട് ‘പാദ പൂജ’ ചെയ്യിച്ചു

കാസർകോട് വിദ്യാർത്ഥികളെ കൊണ്ട് ‘പാദ പൂജ’ ചെയ്യിച്ചു



ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് സംഭവം നടന്നത്.

വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദ പൂജ ചെയ്യിച്ചതായി പരാതി. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് സംഭവം നടന്നത്.

ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലാണ് വ്യാസജയന്തി ദിനം, ഗുരുപൂര്‍ണിമ എന്ന പേരിൽ പാദ പൂജ നടന്നത്. വിരമിച്ച 30 അധ്യാപകരുടെ കാലിൽ വിദ്യാർത്ഥികളെ കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജ നടത്തുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വിവാദം കനത്തത്. വിദ്യാർത്ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തിയ ചിത്രം ആണ് പുറത്തു വന്നിരിക്കുന്നത്.

ശേഷം, കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാലിൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐ അടക്കം രംഗത്ത് വന്നിട്ടുണ്ട്.

ഇത്തരം നടപടികൾ പുരോഗമന സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു