
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി. ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം ശബ്ദം ഉയർത്തിയ നേതാവാണ് വി എസെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദരിദ്രർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം നിലകൊണ്ടു. പരിസ്ഥിതി പൊതുജന ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയത്തിൻ്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി രാഹുൽ കൂട്ടിച്ചേർത്തു.
ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും.
രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. വേലിക്കകത്ത് വീട്ടിൽ നിന്ന് ബുധൻ രാവിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കും. ജില്ലാ കമ്മറ്റി ഓഫീസിൽ പകൽ 11 മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. വൈകുന്നേരം 3 മണി വരെ റിക്രിയെഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരും. തുടർന്ന് വിലാപയാത്രയായി വലിയ ചുടുകാട്ടിലേക്ക് എത്തിക്കും. ഉച്ചയോടെ വലിയചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും