കുതിപ്പിനൊരുങ്ങി ഗതാഗത മേഖല: വരുന്നൂ ഹൈപ്പര്‍ലൂപ്പ്, റോപ്വേയ്സ്, കേബിള്‍ ബസുകള്‍; സുപ്രധാന പദ്ധതികള്‍ ഉടനെന്ന് നിതിന്‍ ഗഡ്കരി

കുതിപ്പിനൊരുങ്ങി ഗതാഗത മേഖല: വരുന്നൂ ഹൈപ്പര്‍ലൂപ്പ്, റോപ്വേയ്സ്, കേബിള്‍ ബസുകള്‍; സുപ്രധാന പദ്ധതികള്‍ ഉടനെന്ന് നിതിന്‍ ഗഡ്കരി




ന്യൂദല്‍ഹി: ഗതാഗത മേഖലയില്‍ നടപ്പാക്കേണ്ട ഭാവി പദ്ധതികളുടെ റോഡ് മാപ്പ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഇലക്ട്രിക് റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈപ്പര്‍ലൂപ്പ്, റോപ്വേയ്സ്, കേബിള്‍ ബസുകള്‍, ഫ്യൂണിക്കുലാര്‍ റെയില്‍വേകള്‍ തുടങ്ങിയവയാണ് ഭാവിയില്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഗതാഗത സംവിധാനങ്ങളെന്ന് ഗഡ്കരി പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

വാഹന മേഖല വലിയൊരു മാറ്റത്തിലൂടെ കടന്നുപോകുകയാണ്. ട്രീ ബാങ്ക്, മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ടെസ്റ്റുകള്‍, 11 വാഹന നിര്‍മാതാക്കള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിനുകള്‍ തുടങ്ങിയവയെല്ലാം ഈ മാറ്റത്തിന്റെ ഉദാഹരണങ്ങളാണ്. 25,000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രണ്ടുവരി പാത നാലുവരിയായി ഉയര്‍ത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഗഡ്കരി പറഞ്ഞു.

നഗരപ്രദേശങ്ങളില്‍ മാത്രമല്ല മാറ്റങ്ങള്‍. കേദര്‍നാഥ് ഉള്‍പ്പെടെ 360 സ്ഥലങ്ങളില്‍ റോപ്വേകള്‍, കേബിള്‍ കാറുകള്‍, ഫ്യൂണിക്കുലാര്‍ റെയില്‍വേ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. കുത്തനെയുള്ള പ്രദേശങ്ങളിലേക്ക് ആളുകള്‍ക്ക് യാത്ര ചെയ്യുന്നതിനായി ലിഫ്റ്റ്- റെയില്‍വേ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് ഒരുക്കുന്ന യാത്രാ സംവിധാനമാണ് ഫ്യൂണിക്കുലാര്‍ റെയില്‍വേ. ഈ സംവിധാനത്തിനായി ഓരോ സ്ഥലത്തും 200 കോടി മുതല്‍ 5000 കോടി രൂപ വരെയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. മെട്രോ നഗരങ്ങളില്‍ റാപ്പിഡ് മാസ് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍, കേബിള്‍ ബസുകള്‍ തുടങ്ങിയവ അധികം വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറയുന്നു. ടാറ്റ മോട്ടോഴ്സ്, ടൊയോട്ട, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങി 11 കമ്പനികള്‍ ഫ്ളെക്സ് ഫ്യുവല്‍ വാഹനങ്ങള്‍ നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇത് ഇന്ധന ഇറക്കുമതി കുറയ്‌ക്കുകയും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്യും. ഒന്നിലധികം ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഇന്റേണല്‍ കംബസ്റ്റ്യന്‍ എന്‍ജിനുകളെയാണ് ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിന്‍ എന്ന വിശേഷിപ്പിക്കുന്നത്.