വിജിലൻസിനെ കണ്ടതും രക്ഷപ്പെടാൻ വലിച്ചെറിഞ്ഞത് അഞ്ഞൂറിന്‍റെ നോട്ടുകെട്ട്! നിലമ്പൂർ ആർടി ഓഫീസിൽ കണ്ടെടുത്തത് അര ലക്ഷത്തിലേറെ കൈക്കൂലി
മലപ്പുറം: സംസ്ഥാന വ്യാപകമായി ആർ ടി ഒ ഓഫീസുകളിൽ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ വീൽസ്' പരിശോധനക്കിടെ നിലമ്പൂരിൽ നിന്ന് പിടികൂടിയത് അര ലക്ഷത്തിലേറെ കൈക്കൂലി പണം. നിലമ്പൂർ ആർ ടി ഓഫീസിൽ റെയ്ഡിനായി വിജിലൻസ് എത്തിയപ്പോൾ രക്ഷപ്പെടാനായി വലിച്ചെറിഞ്ഞ അഞ്ഞൂറിന്‍റെ നോട്ടുകെട്ടടക്കം കണ്ടെടുത്തു. ചെടികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ അഞ്ഞൂറിന്‍റെ നോട്ടുകെട്ടിൽ ഉണ്ടായിരുന്നത് 49500 രൂപയാണെന്ന് വിജിലൻസ് വ്യക്തമാക്കി. ഒരു ഏജന്‍റിൽ നിന്ന് 5000 രൂപയും ഇവിടെ നിന്നും പിടികൂടി.അതേസമയം സംസ്ഥാന വ്യാപകമായി ആർ ടി ഒ ഓഫീസുകളിൽ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ വീൽസ്' പരിശോധനയിൽ വിവിധയിടങ്ങളിൽ നിന്നും കൈക്കൂലി പണം കണ്ടെത്തി. വയനാട് ആർ ടി ഒ ചെക്ക്പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ 41800 രൂപയാണ് കണ്ടെത്തിയത്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന നടന്നത്. കൽപ്പറ്റയിൽ മൂന്ന് ആർ ടി ഒ ക്ലാർക്ക് മാരുടെ കയ്യിൽ നിന്നും 35800 രൂപ കണ്ടെത്തി. ബത്തേരിയിൽ നിന്നും 6000 രൂപയും കണ്ടെത്തി. തുക ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് നൽകിയതെന്നാണ് കണ്ടെത്തൽ. ബത്തേരി പി ആർ ഒയുടെ ഡെസ്കിൽ നിന്നും 200 വാഹനങ്ങളുടെ നമ്പറും അതിന് നേരെ മൊബൈൽ നമ്പറും എഴുതിയ ലിസ്റ്റും കിട്ടി. ഇത് എന്തിനാണ് തയ്യാറാക്കിയത് എന്ന് ഇതുവരെ ഉദ്യോഗസ്ഥന് വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ആണ് വിജിലൻസ് തീരുമാനം. മാനന്തവാടിയിൽ നിന്നും പണം ഒന്നും കണ്ടെത്താൻ ആയില്ലെങ്കിലും 10 ഫയലുകൾ അനാവശ്യമായി തടഞ്ഞുവെച്ചതായും കണ്ടെത്തി. ഇതിലും കൂടുതൽ അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.കാസർകോട് ആർ ടി ഒ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 21,020 രൂപയും രേഖകളും ഏജന്റ് മാരിൽ നിന്നും കണ്ടെത്തി. കാഞ്ഞങ്ങാട് ആർ ടി ഒ ഓഫീസിൽ നിന്നും ഹിയറിങ്ങ് കഴിഞ്ഞ അപേക്ഷകൾ ഓഫീസിൽ സൂക്ഷിച്ചതായും വെള്ളരിക്കുണ്ട് ആർ ടി ഒ ഓഫീസിൽ ഉദ്യോഗസ്ഥരുടെ അകൗണ്ടിലേക്ക് വൻതുകകൾ അയച്ചുകൊടുത്തതായും കണ്ടെത്തി. സംസ്ഥാന വ്യാപകമായി ആർ ടി ഒ ഓഫീസുകളിൽ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ വീൽസ്' പരിശോധനയുടെ ഭാഗമായിട്ടായിരുന്നു കാസർകോട് ജില്ലയിലെ പരിശോധനകൾ