അയൽക്കാരും ആക്ഷൻ കൗണ്‍സിലുമടക്കം സകലരും കൂറുമാറി, ഖദീജ കൊലക്കേസിൽ നിര്‍ണായകമായത് റിട്ട. സൈനിക ഉദ്യോഗസ്ഥന്‍റെ മൊഴി
കണ്ണൂര്‍: കണ്ണൂർ ഉളിയിൽ ഖദീജ കൊലക്കേസിൽ വിധിയിൽ റിട്ട. സൈനിക ഉദ്യോഗസ്ഥന്‍റെ മൊഴിയാണ് നിര്‍ണായകമായതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ രൂപേഷ്. പ്രതികൾക്ക് ജീവപര്യന്തം തടവും 60000 രൂപം വീതം പിഴയുമാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.ഗൂഢാലോചന ആരോപണം ഉണ്ടായിരുന്നെങ്കിലും അത് തെളിയിക്കാനായി അയൽവാസികളടക്കമായിരുന്നു സാക്ഷികളായി ഉണ്ടായിരുന്നതെന്നും എന്നാൽ, അയൽവാസികള്‍ മുഴുവൻ മൊഴി മാറ്റി കൂറുമാറുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ രൂപേഷ് പറഞ്ഞു.കൃത്യമായ അന്വേഷണം നടക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയിലുള്ളവര്‍ അടക്കം കൂറുമാറുന്ന അവസ്ഥയാണുണ്ടായിരുന്നത്. എല്ലാവരും കൂറുമാറിയ സാഹചര്യത്തിലും അയൽക്കാരനായ റിട്ട സൈനിക ഉദ്യോഗസ്ഥന്‍റെ മൊഴിയാണ് നിര്‍ണായകമായത്.കുത്തേറ്റ ഒന്നാം സാക്ഷി റിട്ട സൈനികനോട് പറഞ്ഞ കാര്യങ്ങളാണ് കേസിൽ വളരെ നിര്‍ണായകായതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കെ രൂപേഷ് പറഞ്ഞു. പരുക്കേറ്റ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് ഷാഹുല്‍ ആക്രമണ വിവരം ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന റിട്ട സൈനിക ഉദ്യോഗസ്ഥനോട് പറഞ്ഞത്.രണ്ടാം വിവാഹത്തിനൊരുങ്ങിയതിന്‍റെ വിരോധത്തിൽ സഹോദരൻമാരായ കെ എൻ ഇസ്മായിൽ, കെ എൻ ഫിറോസ് എന്നിവരാണ് ഖദീജയെ കുത്തികൊലപ്പെടുത്തിയത്. 13 വര്‍ഷം മുൻപ് ഉളിയിൽ ഗ്രാമത്തെ നടുക്കിയ ക്രൂരമായ ദുരഭിമാനകൊലയിലാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. 2012 ഡിസംബർ 12 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഖദീജ എന്ന 28 കാരി കുത്തേറ്റ് കൊല്ലപ്പെടുന്നതും രണ്ടാം ഭർത്താവ് ഷാഹുൽ ഹമീദീന് ഗുരുതരമായി പരിക്കേൽക്കുന്നതും.കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഖദീജയുടെ സഹോദരൻമാരായ കെ എൻ ഇസ്മായിലും, കെ എൻ ഫിറോസും ചേർന്ന്. ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുളള ഖദീജ കോഴിക്കോട് ഫറൂഖ് സ്വദേശി ഷാഹുൽ ഹമീദിനെ വിവാഹം ചെയ്യാനൊരുങ്ങിയതാണ് കൊലപാതകത്തിന് പിന്നിൽ.മതപരമായ ചടങ്ങുകളോടെ വിവാഹം നടത്തി തരാമെന്ന് വിശ്വസിപ്പിച്ച് ഇരുവരേയും വീട്ടിൽ വിളിപ്പിച്ച പ്രതികൾ, ഷാഹുലിനെയും ഖദീജയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ ഷാഹുൽ നൽകിയ പരാതിയും മൊഴിയും നിർണായകമായി.