വരന് ജീവപര്യന്തം തടവുശിക്ഷ, വിവാഹം വേണ്ടെന്ന് വയക്കാതെ യുവതി; ഒടുവിൽ അസാധാരണ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി


വരന് ജീവപര്യന്തം തടവുശിക്ഷ, വിവാഹം വേണ്ടെന്ന് വയക്കാതെ യുവതി; ഒടുവിൽ അസാധാരണ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി



കൊച്ചി: വിവാഹം കഴിക്കുന്നതിനായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് കേരള ഹൈക്കോടതി പരോൾ അനുവദിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഈ അസാധാരണമായ ആനുകൂല്യം നൽകിയത്. തടവുകാരനെ പരിഗണിച്ചായിരുന്നില്ല ഈ വിധി. മറിച്ച്, തന്‍റെ പങ്കാളിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടും അയാളെ വിവാഹം കഴിക്കാൻ തയ്യാറായ ധീരയും സ്നേഹസമ്പന്നയുമായ പെൺകുട്ടിയെ പരിഗണിച്ചാണ് ഈ ആനുകൂല്യം.'സ്നേഹം അതിരുകൾ തിരിച്ചറിയുന്നില്ല. അത് തടസങ്ങളെ ചാടിക്കടക്കുന്നു, വേലികളെയും മതിലുകളെയും ഭേദിച്ച്, പ്രത്യാശയോടെ അതിന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നു' പ്രശസ്ത അമേരിക്കൻ കവി ആഞ്ചലോയെ ഉദ്ധരിച്ച് ജസ്റ്റിസ് പറഞ്ഞു. തടവുകാരന്‍റെ സ്വന്തം വിവാഹത്തിന് അടിയന്തര അവധി അനുവദിക്കാൻ ജയിൽ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നില്ല എന്ന കാരണത്താൽ ജയിൽ അധികൃതർ ഈ വിഷയത്തിൽ പരോൾ നിഷേധിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.എന്നാൽ, കോടതി അതിന്‍റെ അസാധാരണ അധികാരം വിനിയോഗിച്ച് 15 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. തടവുകാരന്‍റെ വിവാഹം ശിക്ഷിക്കപ്പെടുന്നതിന് മുമ്പേ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, അയാൾക്ക് ജീവപര്യന്തം തടവ് ലഭിച്ചതിന് ശേഷവും, ആ പെൺകുട്ടി വിവാഹവുമായി മുന്നോട്ട് പോകാൻ നിർബന്ധം പിടിക്കുകയായിരുന്നു.തുടർന്ന്, തടവുകാരന്‍റെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 'ഈ കേസിനെ ഞാൻ ആ പെൺകുട്ടിയുടെ കണ്ണിലൂടെയാണ് നോക്കുന്നത്. തടവുകാരന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതിന് ശേഷവും അവളുടെ സ്നേഹം തുടരുന്നു' എന്ന് കോടതി നിരീക്ഷിച്ചു. വിവാഹം ജൂലൈ 13 ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്നതിനാൽ, നാളെ മുതൽ 15 ദിവസത്തേക്ക് ഇയാളെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ജൂലൈ 26 വൈകുന്നേരം നാല് മണിക്ക് മുമ്പായി തടവുകാരൻ ജയിലിൽ തിരിച്ചെത്തണം. 'ആ പെൺകുട്ടി സന്തോഷവതിയായിരിക്കട്ടെ, ഈ കോടതി അവൾക്ക് എല്ലാ ആശംസകളും ചൊരിയുന്നു എന്നും ജസ്റ്റിസ് പറഞ്ഞു.