കൊച്ചിന്‍ റിഫൈനറിക്ക് സമീപം പൊട്ടിത്തെറി, പ്രദേശമാകെ പുകയും രൂക്ഷഗന്ധവും
കൊച്ചി: കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം. ഭാരത് പെട്രോളിയത്തിന്റെ ബിപിസിഎൽ ഹൈടെൻഷൻ ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശത്താകെ പുകയും ദുർഗന്ധവുമുയർന്നു. റിഫൈനറിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. റിഫൈനറിയുടെ മതിലിനോട് ചേർന്നുള്ള ഹൈ ടെൻഷൻ ലൈൻ ആണ് പൊട്ടിത്തെറിച്ചത്.സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. ഭൂമിക്ക് അടിയിലൂടെ കടന്ന് പോകുന്ന ഹൈ ടെൻഷൻ ലൈനാണ് തീ പിടിച്ചു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബിപിസിഎൽ അഗ്നിരക്ഷ സംഘം തീ അണയ്ക്കാൻ തുടങ്ങി. പുകയും ദുർഗന്ധവും രൂക്ഷമായതിനാൽ വീടുകളിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തി ബിപിസിഎല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. പ്രദേശവാസികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാമെന്ന് ബിപിസിഎല്‍ അറിയിച്ചതായി ;സബ് കളക്ടർ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് ചികിത്സയ്ക്കുള്ള പണം നൽകാമെന്ന് ബിപിസിഎൽ അറിയിച്ചു.ഹൈടെൻഷൻ ലൈനിലെ പ്ലാസ്റ്റിക് വയറുകൾ കത്തിയതാണ് രൂക്ഷഗന്ധത്തിന് കാരണമെന്ന് സബ് കളക്ടർ അറിയിച്ചു. തീ ഏറെക്കുറെ കെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.