ആറളത്തെ ആന മതിൽ :കോടതി അനുവദിച്ചാൽ ലഭിച്ചാൽ ഉടൻ റീ ടെണ്ടർ

ആറളത്തെ  ആന മതിൽ :കോടതി അനുവദിച്ചാൽ ലഭിച്ചാൽ ഉടൻ  റീ ടെണ്ടർ










ഇരിട്ടി: കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ ആറളത്ത് പാതി വഴിയിൽ നിലച്ച ആന മതിലിന്റെ റീ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്ന് പൊതു മരാമത്ത് അധികൃതർ. 9.899 കിലോമീറ്റർ മതിലിൽ 3.9 കിലോമീറ്ററാണ് ഇപ്പോൾ പൂർത്തിയാക്കിയത്. ബാക്കി വരുന്ന 6 കിലോമീറ്ററോളം വരുന്ന മതിലിന്റെ റീ ടെണ്ടർ നടപടികളാണ് പൂർത്തിയാക്കാനുള്ളത്. കരാറുകാരൻ സമയ ബന്ധിതമായി പണി പൂർത്തിയാക്കാത്തതിനെത്തുർന്നാണ് കരാർ റദ്ദ് ചെയ്തിരുന്നതും തുടർന്ന് റീ ടെണ്ടർ വിളിച്ചതും. പുറത്താക്കിയ കരാറുകാരൻ നൽകിയ ഹർജിയെ തുടർന്നു റീടെൻഡർ നടപടികൾ തുടരാമെന്നും അന്തിമ തീരുമാനം കോടതി പറഞ്ഞ ശേഷമേ എടുക്കാവൂ എന്നും നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മാസം 21 ന് തുറന്ന കരാർ ഉറപ്പിക്കാതിരുന്നത്. അതിനാലാണ് റീ ടെണ്ടർ നടപടികൾ പൂർത്തിയാക്കാൻ  കോടതിയുടെ അനുമതിക്കായി കാത്തിരിക്കുന്നത്.  കഴിഞ്ഞ ഫെബ്രുവരി 23 ന് പുനരധിവാസ മേഖലയിൽ വെള്ളി - ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നു മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനം മന്ത്രിയുടെ നിർദേശ പ്രകാരം സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രാദേശിക കമ്മിറ്റിയുടെ അവലോകന യോഗത്തിൽ മരാമത്ത് അസിസ്‌റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ എഫ്.ബി. ലജീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
 അവശേഷിച്ച ദൂരത്തിനു നേരത്തെയുള്ള എസ്റ്റിമേറ്റ് പ്രകാരം 29 കോടി രൂപയ്ക്കാണ് റീടെൻഡർ വിളിച്ചത്. 4 പേർ കൊട്ടേഷൻ നൽകിയിരുന്നു. ഇതിൽ ഏറ്റവും കുറഞ്ഞ വാഗ്ദാനം (8 ശതമാനം കുറവിൽ) നൽകിയ ഹിൽട്രാക് കൺസ്ട്രക്ഷനാണ് കരാർ ലഭിക്കേണ്ടത്. ഇത് ഉറപ്പിക്കണമെങ്കിൽ ഹൈക്കോടതി അനുമതി ലഭിക്കണമെന്നും കേസ് പരിഗണിക്കുന്ന ജഡ്‌ജി മുൻപാകെ വിവരങ്ങൾ ധരിപ്പിച്ച്  അനുമതി വാങ്ങാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മരാമത്ത് വ്യക്‌തമാക്കി.

ഇവിടെ നിലവിലെ സോളർ തൂക്കുവേലികളുടെ കാര്യക്ഷതാ പരിശോധനയും അറ്റകുറ്റപ്പണിയും വിട്ടുവീഴ്‌ചയില്ലാതെ ചെയ്യണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ആറളം ഫാമിൽ കഴിഞ്ഞ ഒറ്റ രാത്രിയിൽ മാത്രം  17 കായ്‌ഫലമുള്ള തെങ്ങുകൾ കാട്ടാന മറിച്ചിട്ടത്  മാനേജിങ് ഡയറക്ടർ എസ്.സുജീഷ് ചൂണ്ടിക്കാട്ടി. ഫാം കൃഷിയിടത്തിൽ നിന്നും  ആനതുരത്തൽ നടത്തുന്നില്ലെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. മഴയാണ്പ്രതിസന്ധി സൃഷ്‌ടിക്കുന്നതെന്നും ശമനം ഉണ്ടായാൽ തുരത്തൽ തുടരുമെന്നും വനം വകുപ്പ് പ്രതിനിധികൾ മറുപടി നൽകി.
എംഎൽഎ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, ആറളം അസിസ്‌റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, അസിസ്‌റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഫാം പഞ്ചായത്ത് വാർഡ് അംഗം മിനി ദിനേശൻ, ഫാം എഫ്എച്ച്‌സി മെഡിക്കൽ ഓഫിസർ ഡോ. എസ്.എ. അശ്വതി, മരാമത്ത് അസിസ്‌റ്റൻ്റ് എൻജിനീയർ മുഹമ്മദ് റഫീക്, ഫോറസ്‌റ്റർമാരായ സി.സുനിൽ കുമാർ (ഇരിട്ടി), പി.പ്രകാശൻ (കീഴ്പ്പള്ളി), ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ഇ.സി.അനൂപ് എന്നിവർ പങ്കെടുത്തു.
https://chat.whatsapp.com/JHsHVycbH3N6gjUodySeAz