സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായി സംസ്ഥാന സര്‍ക്കാര്‍; നടപടി മതസംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്

സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായി സംസ്ഥാന സര്‍ക്കാര്‍; നടപടി മതസംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്


സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് മതസംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. നേരത്തെ ബുധനാഴ്ച നിശ്ചയിച്ചിരുന്ന ചര്‍ച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. സമസ്തയടക്കം വിവിധ സംഘടനകള്‍ സ്‌കൂള്‍ സമയമാറ്റത്തെ ശക്തമായി എതിര്‍ത്തതിന് പിന്നാലെയാണ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.

വെള്ളിയാഴ്ച വൈകുന്നേരം 4.30ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ചേംബറിലാണ് ചര്‍ച്ച. മദ്രസ്സാവിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. സമസ്ത ഏകോപന സമതിയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കും. മതസംഘടനകള്‍ സമരപ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസ വകുപ്പ് തയ്യാറായിരിക്കുന്നത്.

ഭൂരിപക്ഷം രക്ഷിതാക്കളും സ്‌കൂള്‍ സമയമാറ്റത്തെ അംഗീകരിക്കുന്നെന്ന പഠനറിപ്പോര്‍ട്ടിലെ എതിര്‍പ്പ് സമസ് ഉന്നയിക്കുമെന്നാണ് സൂചന. സര്‍വേ നടത്തിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടാക്കേണ്ടതെന്നും ആറ് ജില്ലകളില്‍ മാത്രം നടത്തിയ സര്‍വേ പര്യാപ്തമല്ലെന്നുമുള്ള അഭിപ്രായമാണ് സമസ്തയ്ക്കുള്ളത്.