അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്താരാഷ്ട്ര പ്രോട്ടോക്കോൾ പ്രകാരം അന്വേഷണം, അന്തിമ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണം

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്താരാഷ്ട്ര പ്രോട്ടോക്കോൾ പ്രകാരം അന്വേഷണം, അന്തിമ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണം


ദില്ലി : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്താരാഷ്ട്ര പ്രോട്ടോക്കോൾ പ്രകാരം അന്വേഷണം നടക്കുന്നതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാര്‍ലമെന്റിനെ അറിയിച്ചു. വിമാനാപകടവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് രാജ്യത്തിനകത്തുതന്നെ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീർത്തും നിഷ്പക്ഷമായാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്ന ഉടൻതന്നെ വിദഗ്ധരടക്കമുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.</p><p>വിവിധ മാധ്യമ റിപ്പോർട്ടുകളും വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ സത്യത്തിനൊപ്പമാണ് നിൽക്കേണ്ടതെന്ന് റാം മോഹൻ നായിഡു ഓർമ്മിപ്പിച്ചു. അന്തിമ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണം. അതിനുശേഷമേ ഒരു നിഗമനത്തിലെത്താൻ സാധിക്കൂ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. തിരുത്തലുകൾ വരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും, എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്നും മന്ത്രി ഉറപ്പുനൽകി. നിലവിലെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തലുകൾ മാത്രമാണുള്ളതെന്നും, എല്ലാ കണ്ടെത്തലുകളും ഉൾപ്പെടുത്തി സമഗ്രമായിരിക്കും അന്തിമ റിപ്പോർട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p><p>കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമായി ഉയർന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ റെക്കോർഡ് നിയമനങ്ങൾ നടത്തി ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയാണ്. ദിവസവും അഞ്ച് ലക്ഷം വിമാനയാത്രക്കാർ രാജ്യത്തുണ്ടെന്നും, അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും എല്ലാ നിർദേശങ്ങളും പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം സഭയെ അറിയിച്ചു.