
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ സ്വദേശി പൗരൻ മരിച്ച സംഭവത്തിൽ റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന മലയാളി നാടണഞ്ഞു. കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശിയായ ഷാജുവാണ് സ്വദേശി പൗരൻ മരിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്നത്. മൂന്ന് ലക്ഷം റിയാൽ ദയാധനം നൽകിയ ശേഷമാണ് ഷാജുവിന്റെ ജയിൽ മോചനം സാധ്യമായത്. ജയിൽ ശിക്ഷയ്ക്ക് പുറമേ ആറ് വർഷത്തെ യാത്രാവിലക്കും ഷാജുവിന് ഉണ്ടായിരുന്നു. ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ സഹോയത്തോടെ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
റിയാദിലെ മുസാഹ്മിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു നിർമാണ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷാജു. 2019 ഡിസംബറിലാണ് ഷാജുവിന്റെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്. ഷാജു ഓടിച്ചിരുന്ന വാട്ടർ ടാങ്കറിന്റെ പിറകിൽ സ്വദേശി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. സ്വദേശി തൽക്ഷണം മരിച്ചു. ടാങ്കർ ഡ്രൈവറായ ഷാജുവിന് അദ്ദേഹത്തിന്റെ കമ്പനി ലൈസൻസോ ഇഖാമയോ നൽകിയിരുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് പോലീസ് ഷാജുവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.
അവധിക്ക് നാട്ടിലെത്തിയ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ മജീദ് പൂളക്കാടിയെ ഷാജുവിന്റെ ഭാര്യാപിതാവ് കൃഷ്ണൻ പടനിലം നേരിൽ കാണുകയും കാര്യങ്ങൾ അറിയിച്ച് സഹായം തേടുകയും ചെയ്തു. സംഘടനയുടെ രക്ഷാധികാരി നിഹാസ് പാനൂർ, സുബൈർ കൊടുങ്ങല്ലൂർ, പ്രകാശ് കൊയിലാണ്ടി എന്നിവർ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് മുഖേന ഇന്ത്യൻ എംബസിയുടെ സഹായം തേടി. ഒടുവിൽ രണ്ട് മാസത്തിന് ശേഷം ഷാജുവിനെ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറക്കുകയായിരുന്നു.