വയോധികയെ കൊലപ്പെടുത്തിയത് സ്വന്തം മകൻ, ഇസ്രായേലില്‍ സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

സുല്‍ത്താന്‍ ബത്തേരി: ഇസ്രായേലില്‍ കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന വയനാട് സ്വദേശിയായ യുവാവും വീട്ടുടമസ്ഥയായ വയോധികയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. എണ്‍പതുകാരിയായ വയോധികയെ കുത്തി കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് ആത്മഹത്യ ചെയ്തത് ആകാമെന്ന നിഗമനത്തിലായിരുന്നു വിവരങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. പുതിയതായി ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി വയോധിക കൊല്ലപ്പെട്ടത് തന്നെയാണെന്നും എന്നാല്‍ അത് വയോധികയുടെ മകന്‍ തന്നെയാണ് കൊലപാതകം ചെയ്തെന്ന വയനാട് സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.മരിച്ച ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരന്‍ (38) ന്റെ മൃതദേഹം നാളെ വയനാട്ടിലെത്തിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. പ്രായമായവരെ പരിചരിക്കല്‍ ജോലിക്കായാണ് ഒന്നര മാസം ജിനേഷ് പി സുകുമാരന്‍ ഇസ്രായേലിലെ ജറുസലേമിന് അടുത്ത മേവസേരേട്ട് സിയോനിലേക്ക് എത്തിയത്. നല്ല നിലയില്‍ ജോലി ചെയ്തു വരുന്നതിനിടക്കാണ് വീട്ടുടമസ്ഥയായ വയോധികയെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്ന തരത്തില്‍ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് എത്തുന്നത്. മകൻ വയോധികയെ കൊലപ്പെടുത്തിയെന്ന് പ്രചരണം നിഷേധിച്ച് ജിനേഷിന്റെ ബന്ധുക്കളും നാട്ടുകാരും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട വയോധികയുടെ ഭര്‍ത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. ഇന്നലെയാണ് ഇസ്രായേലിലെ മലയാളി സമാജത്തില്‍ നിന്ന് ബന്ധുക്കള്‍ക്ക് നിര്‍ണായക വിവരം ലഭിച്ചത്. വയോധികയുടെ സ്വന്തം മകന്‍ തന്നെ വയോധികയെ കൊലപ്പെടുത്തിയെന്നാണ് ലഭ്യമാകുന്ന വിവരം.ഇയാള്‍ ജിനേഷിനെയും അപായപ്പെടുത്തുകയായിരുന്നുവെന്ന് സംശയമുണ്ടെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പ്രതികരിക്കുന്നത്. മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടും മൃതദേഹത്തിനൊപ്പം എത്തും. വയനാട്ടില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്തുവരുന്നതിനിടെയാണ് ജിനേഷ് മെച്ചപ്പെട്ട വരുമാനം കണ്ടെത്താന്‍ ഇസ്രായേലിലേക്ക് പോകുന്നത്. ഇക്കഴിഞ്ഞ നാലാം തീയതി ഉച്ചയോടെയായിരുന്നു സംഭവം. എണ്‍പതുകാരി മരിച്ചു കിടന്നതിന്റെ സമീപത്തെ മുറിയില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു ജിനേഷിനെ കണ്ടെത്തിയിരുന്നത്.