
ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സ്‌കോട്ട്‌ലന്‍ഡില്‍ വെച്ച് നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് സ്റ്റാർമറുടെ പ്രഖ്യാപനം. വെടിനിർത്തലിന് വേണ്ടി യുഎസ്, ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ തങ്ങൾ പിന്തുണയ്ക്കുന്നതായും സ്റ്റാർമർ പറഞ്ഞു.
ഗാസയിലെ മനുഷ്യജീവിതം മെച്ചപ്പെടുത്താനും പ്രതിസന്ധി പരിഹരിക്കാനും സഹായം നൽകുന്നതിനായി ഐക്യരാഷ്ട്ര സഭ അടക്കമുള്ളവരെ അനുവദിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കിൽ അധിനിവേശമുണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ഹമാസ് ഉടൻ ബന്ദികളെ മോചിപ്പിക്കണമെന്നും കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ഗാസയിലെ ഭരണക്രമത്തിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും സ്റ്റാർമർ നിബന്ധന വെച്ചു.
മുൻപ് ട്രമ്പുമായി നടത്തിയ ചർച്ചയിൽ പലസ്‌തീൻ വിഷയത്തിൽ താൻ ഒരു നിലപാട് എടുക്കുന്നില്ലെന്നും സ്റ്റാർമറിന് വേണമെങ്കിൽ സ്വീകരിക്കാമെന്നും ചർച്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞിരുന്നു. ബ്രിട്ടന്റെ ഈ നീക്കത്തോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രൂക്ഷമായാണ് പ്രതികരിച്ചത്. ഹമാസിനെ സഹായിക്കുന്നതും അവരുടെ ക്രൂരതയ്ക്ക് ഇരയായവർ അപമാനിക്കുന്നതുമാണ് സ്റ്റാർമറുടെ പ്രസ്താവന എന്നാണ് നെതന്യാഹു പ്രതികരിച്ചത്.