‘മദർ തെരേസ എന്ന പേര് മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നു’; ജാർഖണ്ഡിലെ ആരോഗ്യ സംരക്ഷണ ക്ലിനിക്കുകൾക്ക് പേരിടുന്നതിനെതിരെ ബിജെപി

‘മദർ തെരേസ എന്ന പേര് മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നു’; ജാർഖണ്ഡിലെ ആരോഗ്യ സംരക്ഷണ ക്ലിനിക്കുകൾക്ക് പേരിടുന്നതിനെതിരെ ബിജെപി


ജാർഖണ്ഡിലെ അടൽ മൊഹല്ല ക്ലിനിക്കുകളുടെ പേരുമാറ്റി മദർ തെരേസ അഡ്വാൻസ്ഡ് ക്ലിനിക്കുകളാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത്. നഗരങ്ങളിലെ ചേരിപ്രദേശത്ത് താമസിക്കുന്നവർക്ക് വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളായ അടൽ മൊഹല്ലകളുടെ പേരാണ് മദർ തെരേസ അഡ്വാൻസ്ഡ് ക്ലിനിക്കുകളാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചത്.

ആരോഗ്യ സംരക്ഷണത്തിന്റെ പേരിൽ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഹേമന്ത് സോറൻ സർക്കാരിന്റെ ഈ നീക്കമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ പ്രതിപക്ഷ നേതാവുമായ അമർ കുമാരി ബൗരി ആരോപിച്ചു. മദർ തെരേസ പാവങ്ങൾക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും വേണ്ടി നടത്തിയ സേവനങ്ങളെ വിലമതിക്കുന്നു. എന്നാൽ അവരുടെ പേരിൽ നടത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെ കുട്ടിക്കടത്ത്, മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്ന അമർ കുമാരി ബൗരി പറഞ്ഞു.

ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പാരമ്പര്യത്തെ ചെറുതാക്കി കാണിക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവ്വവും അപകടകരവുമായ നീക്കമാണിത്. മതപരിവർത്തന നടപടികൾ സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ നടപ്പിലാക്കുന്ന ബോധപൂർവ്വമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും അമർ കുമാരി ബൗരി ആരോപിച്ചു.

മദർ തെരേസയുടെ പേര് ജാർഖണ്ഡിലെ പൊതു സ്ഥാപനങ്ങൾക്ക് ഉപയോഗിക്കുന്നത് നിരുത്തരവാദിത്വപരമാണ്, പ്രത്യേകിച്ച് മതപരിവർത്തനം വലിയൊരു പ്രശ്‌നമായി നിൽക്കവേയെന്നും അമർ കുമാരി ബൗരി പറഞ്ഞു.