സിആർപിഎഫ് ജവാനെ കൂട്ടമായി ആക്രമിച്ച് കൻവാരി യാത്രക്കാർ, അറസ്റ്റ്, ത്രിശൂലം, ഹോക്കി സ്റ്റിക് എന്നിവയുമായുള്ള യാത്രക്ക് വിലക്ക്
ലഖ്നൗ:ഉത്തർപ്രദേശിലെ മിർസാപുർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ചോദിച്ച സിആർപിഎഫ് ജവാന് കൻവാർ തീർത്ഥാടകരുടെ ക്രൂരമർദ്ദനം. സംഭവത്തിൽ ഏഴു തീർത്ഥാടകരെ അറസ്റ്റ് ചെയ്തു. തീർഥാടകർ ജവാനെ വളഞ്ഞിട്ട് മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവം വലിയ വിവാദമായി. കഴിഞ്ഞ ദിവസം കൻവാർ യാത്രക്കാരെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. മര്‍ദ്ദനമേറ്റ് വീണ ജവാനെ വളഞ്ഞിട്ട് ആക്രമിക്കുകയും നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയിൽ കാണാം.ഗംഗാ നദിയില്‍ നിന്ന് വെള്ളവുമായി ശിവക്ഷേത്രത്തിലേക്ക് പോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര. ജൂലൈ 11 മുതല്‍ 23 വരെ നടക്കുന്ന തീര്‍ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദീകരണം തേടി. ഏഴ് പേരെ അറസ്റ്റ് ചെയ്തുവെന്ന് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ചമന്‍ സിങ് തോമര്‍ പറഞ്ഞു. അതേസമയം, ഹോക്കി സ്റ്റിക്ക്, ത്രിശൂലം, വടികൾ എന്നിവയുമായി കൻവാരി യാത്രക്കാർ യാത്ര ചെയ്യുന്നത് സർക്കാർ നിരോധിച്ചു. കൻവാരി യാത്രക്കാർക്ക് ഈ സാധനങ്ങൾ വിൽക്കരുതെന്നും നിർദേശം നൽകി. തീർഥയാത്രക്ക് പോകുന്ന കൻവാരി യാത്രക്കാർ വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നുണ്ടെന്ന് സോഷ്യൽമീഡിയയിൽ വിമർശനമുയർന്നിരുന്നു. തുടർന്നാണ് തീർഥാടകർക്ക് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്