'പ്രതീക്ഷയും ശ്രമങ്ങളും പൂർണ്ണവിജയത്തിൽ എത്തട്ടെ'; നിമിഷയുടെ ശിക്ഷ നീട്ടിവച്ചതിലേക്ക് നയിച്ചത് കാന്തപുരത്തിന്‍റെ മുൻകൈയും ഇടപെടലും - പിണറായി വിജയൻ

 'പ്രതീക്ഷയും ശ്രമങ്ങളും പൂർണ്ണവിജയത്തിൽ എത്തട്ടെ'; നിമിഷയുടെ ശിക്ഷ നീട്ടിവച്ചതിലേക്ക് നയിച്ചത് കാന്തപുരത്തിന്‍റെ മുൻകൈയും ഇടപെടലും - പിണറായി വിജയൻ









തിരുവനന്തപുരം : യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിൻ്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു.

എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലെന്ന് എ.പി. കാന്തപുരം അബൂബക്കർ മുസല്യാർ. യെമനിലെ പണ്ഡിതരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തുകയും സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അവരെ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. മനുഷ്യത്വത്തിന് പ്രാധാന്യം കൽപിക്കുന്ന മതമാണ് ഇസ്‌ലാം.

അതുകൊണ്ട് ജാതിയോ മതമോ വേർതിരിവില്ലാതെ മനുഷ്യൻ എന്ന നിലയ്ക്കാണ് വിഷയത്തിൽ ഇടപെട്ടത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഇടപെട്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണമെന്ന് യെമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടുത്തെ പണ്ഡിതർ കൂടിയാലോചിക്കുകയും വേണ്ടത് ചെയ്യാ അറിയിക്കുകയും ചെയ്തിരുന്നു.

വധശിക്ഷ നീട്ടിവച്ചെന്ന ഉത്തരവ് ഇന്ന് ഔദ്യോഗികമായി ലഭിച്ചു. കഴിഞ്ഞദിവസം നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സമയം വേണമെന്നതിനാൽ വധശിക്ഷ നീട്ടിവച്ചെന്ന ഉത്തരവാണ് ലഭിച്ചത്. ഇനി നിമിഷപ്രിയയ്ക്കായി എല്ലാവരും പ്രാർഥിക്കണമെന്നും കാന്തപുരം പറഞ്ഞു.