ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്, ഇറാൻ ആക്രമണത്തിൽ ഖത്തറിലെ യുഎസ് വാർത്താവിനിമയ സംവിധാന ഡോം തകർന്നു, റിപ്പോർട്ട്
ദോഹ: ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ജൂൺ 23ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ, സുരക്ഷിത ഉപഗ്രഹ ആശയവിനിമയത്തിനായി യുഎസ് സൈന്യം ഉപയോഗിച്ചിരുന്ന ജിയോഡെസിക് ഡോമിന് കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങളും ഔദ്യോഗിക പ്രസ്താവനകളും വിശകലനം ചെയ്താണ് റിപ്പോർട്ട് പുറത്തുവിട്ടത്. ദോഹയ്ക്ക് പുറത്തുള്ള ഈ താവളം യുഎസ് സെൻട്രൽ കമാൻഡിന്‍റെ ആസ്ഥാനവും പ്രാദേശിക സൈനിക പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നതുമാണ്.2016ൽ സ്ഥാപിച്ച 15 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഈ ഡോം അത്യാധുനിക ഉപഗ്രഹ ആശയവിനിമയങ്ങളെ പിന്തുണയ്ക്കുന്ന ഒന്നായിരുന്നു. സമീപത്തുള്ള കെട്ടിടങ്ങളിൽ ചെറിയ കേടുപാടുകൾ സംഭവിച്ചതൊഴിച്ചാൽ താവളത്തിന്‍റെ ഭൂരിഭാഗവും കേടുപാടുകളില്ലാതെ നിലനിന്നു.റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പെന്‍റഗൺ വക്താവ് സീൻ പാർണൽ മിസൈൽ രാഡോമിനെ ലക്ഷ്യമിട്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ കേടുപാടുകൾ നിസാരമാണെന്നും താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അൽ ഉദൈദ് പൂർണ്ണമായി പ്രവർത്തനക്ഷമമാണെന്ന് പെന്‍റഗൺ വ്യക്തമാക്കി. അടുത്തിടെ നടന്ന 12 ദിവസത്തെ ഇറാൻ - ഇസ്രായേൽ യുദ്ധത്തിൽ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ടതിനുള്ള പ്രതികരണമായിരുന്നു ഈ ആക്രമണം.</p><p>ആക്രമണത്തെക്കുറിച്ച് ഇറാൻ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇത് യുഎസിനും ഖത്തറിനും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അവസരം നൽകി. 14 ഇറാനിയൻ മിസൈലുകൾ വിക്ഷേപിച്ചതായും, അതിൽ 13 എണ്ണം തടഞ്ഞതായും, ഒരെണ്ണം അപകടകരമല്ലാത്ത ലക്ഷ്യത്തിൽ പതിക്കാൻ അനുവദിച്ചവെന്നുമായിരുന്നു ട്രംപിന്‍റെ വിശദീകരണം. 'നേരത്തെ വിവരം അറിയിച്ചതിന് ഇറാനോട് നന്ദി പറയുന്നു, ഇത് ജീവൻ നഷ്ടപ്പെടാതിരിക്കാനും ആർക്കും പരിക്കേൽക്കാതിരിക്കാനും സഹായിച്ചു' - ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത് ഇങ്ങനെയാണ്. ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തലുണ്ടായത്. സംഘർഷങ്ങൾ ലഘൂകരിക്കാനും ഒരു വലിയ പ്രാദേശിക സംഘർഷം ഒഴിവാക്കാനും ഇത് സഹായിച്ചു.