ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് പാലോട് രവി; രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് പാലോട് രവി; രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ



തിരുവനന്തപുരം ∙ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് രാജി. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. പാലോട് രവിയുമായുള്ള ഫോൺ സംഭാഷണം ജലീലാണ് പുറത്തുവിട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ്‌ എടുക്കാച്ചരക്കായി മാറുമെന്നും എൽഡിഎഫിനു മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലടക്കം കോൺഗ്രസിനു തിരിച്ചടി ഉണ്ടാകുമെന്നുമുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തു വന്നത്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തു വന്നിരിക്കെ ഒരു ഡിസിസി പ്രസിഡന്റിൽ നിന്നു തന്നെ ഇത്തരമൊരു പ്രസ്താവന ഉണ്ടായത് അത്യന്തം ഗൗരവത്തോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ പ്രസ്താവന ഗൗരവമുള്ള വിഷയമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയം കേരളത്തിലെ മുതിർന്ന നേതാക്കളുമായും എഐസിസി നേതൃത്വവുമായും ചർച്ച ചെയ്യുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.