ഭരണത്തിലും വികസനത്തിലും വേണ്ടത് സി എച്ച് മോഡൽ; പലപ്പോഴും അദ്ദേഹത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല; ശശി തരൂർ

ഭരണത്തിലും വികസനത്തിലും വേണ്ടത് സി എച്ച് മോഡൽ; പലപ്പോഴും അദ്ദേഹത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല; ശശി തരൂർ



കൊച്ചി: ഭരണനിര്‍വ്വഹണത്തില്‍ വേണ്ടത് സി എച്ച് മോഡല്‍ എന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മുന്‍ മുഖ്യമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ സി എച്ച് മുഹമ്മദ് കോയയുടെ ജന്മദിനത്തില്‍ മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പരാമര്‍ശം. സാമ്പത്തികം, ഉന്നതവിദ്യാഭ്യാസം, സാമൂഹികം തുടങ്ങിയ മേഖലകളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഭരണനിര്‍വഹണത്തോടുള്ള സിഎച്ചിന്റെ സമീപനം മികച്ച മാതൃക വാഗ്ദാനം ചെയ്യുന്നുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാര്‍ട്ടികളും ഇടതുപാര്‍ട്ടികളും ഐയുഎംഎല്ലിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിച്ചപ്പോള്‍ ശക്തമായി ചെറുത്ത് വിലപ്പെട്ട രാഷ്ട്രീയ സഖ്യങ്ങള്‍ രൂപവത്കരിച്ചത് സിഎച്ചിന്റെ നേതൃത്വത്തിലാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. പലപ്പോഴും അര്‍ഹിക്കുന്ന പ്രാധാന്യം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്ന് ശശി തരൂര്‍ പറയുന്നു. ശരിയായ പുരോഗതിയുടെ അടിസ്ഥാനം വാചാടോപങ്ങളല്ലെന്നും നയം മാറ്റത്തിലൂടെ മാത്രമെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താനും സാധാരണക്കാരെ ശാക്തീകരിക്കാനും കഴിയൂ എന്നും ശശി തരൂര്‍ പറഞ്ഞു.

ജനസംഘം നേതാവായിരുന്ന കെ ജി മാരാര്‍ അദ്ദേഹത്തെ സിഎച്ച്എം കോയ (സി എന്നത് ക്രിസ്ത്യനും എച്ച് എന്നത് ഹിന്ദുവും എം എന്നത് മുസ്ലീമും) എന്നാണ് വിശേഷിപ്പിച്ചതെന്നും തരൂര്‍ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തി. സി എച്ച് പുലര്‍ത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണ് ശ്രീകൃഷ്ണജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഹിന്ദുജന സാമാന്യത്തിനിടയില്‍ ആഴത്തില്‍ പ്രതിധ്വനിച്ച തീരുമാനമായിരുന്നു അതെന്നും ശശി തരൂര്‍ പറഞ്ഞു.