നിമിഷ പ്രിയയുടെ മോചനം; കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിൽ യെമനിൽ അടിയന്തര യോഗം

നിമിഷ പ്രിയയുടെ മോചനം; കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിൽ യെമനിൽ അടിയന്തര യോഗം


നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് സുപ്രധാനമായ അടിയന്തര യോഗം യെമനിൽ പുരോഗമിക്കുന്നു. കാന്തപുരത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതർ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

നോർത്ത് യെമനിൽ നടക്കുന്ന അടിയന്തര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യെമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുക്കുന്നത്.

അതേസമയം, യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്രം പരമാവധി ശ്രമിക്കുന്നുണ്ട്. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ഒരു ഷെയ്ഖ് വഴി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നീട്ടിവയ്ക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ യെമനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് വധശിക്ഷ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.

2017 ജൂലായിലായിരുന്നു നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചത്. ഈ കേസിലാണ് യുവതി വധശിക്ഷ നേരിടുന്നത്.