എഞ്ചിനടക്കം യാതൊരു യന്ത്രതകരാറും ഉണ്ടായിരുന്നില്ല'; പ്രതികരണവുമായി എയര്‍ ഇന്ത്യ സിഇഒ, അന്വേഷണ റിപ്പോര്‍ട്ടിൽ ദുരൂഹത തുടരുന്നു

എഞ്ചിനടക്കം യാതൊരു യന്ത്രതകരാറും ഉണ്ടായിരുന്നില്ല'; പ്രതികരണവുമായി എയര്‍ ഇന്ത്യ സിഇഒ, അന്വേഷണ റിപ്പോര്‍ട്ടിൽ ദുരൂഹത തുടരുന്നു

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തില പ്രാഥമിക റിപ്പോര്‍ട്ടില്‍ ദുരൂഹത തുടരുന്നു. ഇന്ധന സ്വിച്ചുകള്‍ ഉള്‍പ്പെട്ട ത്രോട്ട് കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റി വച്ചതായി പറയുന്ന റിപ്പോര്‍ട്ട് യഥാര്‍ത്ഥ കാരണം വ്യക്തമാക്കുന്നില്ല. അന്വേഷണത്തിനെതിരെ പൈലറ്റുമാരുടെ സംഘടന കോടതിയെ സമീപിക്കും. അതേസമയം, വിമാനത്തിന് എഞ്ചിനും മറ്റു ഭാഗങ്ങള്‍ക്കും യാതൊരു യന്ത്രതകരാറും ഉണ്ടായിരുന്നില്ലെന്ന പ്രഥമിക അന്വേഷണ റിപ്പോർട്ട് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിത്സൻ സ്വാഗതം ചെയ്തു.

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് എയര്‍ ഇന്ത്യ സിഇഒ പ്രതികരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള നിഗമനങ്ങളും അവലോകനങ്ങളും സംശയങ്ങളുമടക്കം സിഇഒ തള്ളികളഞ്ഞു. ഇപ്പോള്‍ ഇത്തരം നിഗമനങ്ങളിൽ അല്ല ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും സമയബന്ധിതമായ എല്ലാ അറ്റകുറ്റപണിയും പൂര്‍ത്തിയാക്കിയിരുന്നുവെന്നും വിമാനത്തിന്‍റെ എഞ്ചിനോ വിമാനത്തിനോ മറ്റു യന്ത്രങ്ങള്‍ക്കോ യാതൊരു തകരാറും കണ്ടെത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടിലെ ഭാഗമാണ് പ്രധാനമെന്നും സിഇഒ ബെൽ വിത്സൻ പറഞ്ഞു.

ഇന്ധനത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ചോ ടേക്ക് ഓഫിനിടെ പ്രശ്നമുണ്ടായിരുന്നതോ ആയി പറയുന്നില്ല. യാത്രക്ക് മുമ്പുള്ള എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി പൈലറ്റുമാര്‍ വിമാനം പറത്താൻ യോഗ്യരായിരുന്നുവെന്നും വിത്സൻ പറഞ്ഞു.ഇപ്പോള്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ അപക്വമായ നിഗമനങ്ങളിൽ എത്തരുതെന്നും അന്തിമ റിപ്പോര്‍ട്ട് ഇനിയും വരാനുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിത്സൻ പറഞ്ഞു.

അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഇപ്പോഴുള്ള ഊഹാപോഹങ്ങളൊക്കെ അവസാനിക്കും. അതിനാൽ എയര്‍ ഇന്ത്യയുടെ മാറ്റത്തിന്‍റെ യാത്രയിൽ ശ്രദ്ധകേന്ദ്രീകരിച്ച് ജീവനക്കാര്‍ പ്രവര്‍ത്തിക്കണമെന്നും സിഇഒ കത്തിൽ പറയുന്നു.

അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ സംശയം കൂടുതല്‍ ബലപ്പെടുകയാണ്. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ 6ാം പേജിലാണ് വിമാനത്തില്‍ നടന്ന പരിശോധനകളെയും അറ്റകുറ്റപണികളെയും സംബന്ധിച്ച് വിശദീകരിക്കുന്നത്. തകര്‍ന്ന വിമാനത്തിലെ ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ 2019ലും 2023ലും രണ്ട് തവണ മാറ്റിവച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഫായിപ്പോയ രണ്ട് ഫ്യുവല്‍ സ്വിച്ചുകളും ഉള്‍പ്പെടുന്ന ഭാഗമാണ് ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍.

എന്നാല്‍, ഫ്യുവല്‍ സ്വിച്ചുകളുടെ തകരാര്‍ കൊണ്ടല്ല മാറ്റിവച്ചതെന്ന് പറയുന്ന റിപ്പോര്‍ട്ട് എന്തുകൊണ്ട് രണ്ട് തവണ അറ്റ കുറ്റപണി നടത്തിയെന്ന് വിശദീകരിക്കുന്നില്ല. ഒടുവില്‍ അറ്റകുറ്റപണി നടന്ന 2023ന് ശേഷം ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ക്ക് തകരാറുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടിലെ ദുരൂഹത ചൂണ്ടിക്കാട്ടിയും കൊല്ലപ്പെട്ട പൈലറ്റുമാരുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എയര്‍ ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ നിയമ പോരാട്ടത്തി്ന ഒരുങ്ങുന്നത്. തുടരന്വേഷണത്തില്‍ പൈലറ്റുമാരുടെ സംഘടന പ്രതിനിധികളെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നു. അന്വേഷണത്തിലെ അതൃപ്തിയറിയിച്ച് സംഘടന പ്രതിനിധികള്‍ ഡിജിസിഐ അധികൃതരെ കാണും.

അതേ സമയം അപകടത്തില്‍ കൊല്ലപ്പെട്ട യുകെ പൗരന്മാരുടെ കുടംബങ്ങളും കടുത്ത അതൃപ്തിയിലാണ്. എയര്‍ ഇന്ത്യ ബോയിംഗ് കമ്പനികളെ രക്ഷിച്ചെടുക്കാനാണ് വ്യോമയാനമന്ത്രാലയം ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ബോയിംഗിന്‍റെ എഞ്ചിനിലെ തകരാറോ അറ്റകുറ്റ പണിയില്‍ എയര്‍ ഇന്ത്യ വരുത്തിയ വീഴ്ചയോ പരിശോധിക്കപ്പെടുന്നില്ല. പൈലറ്റുമാരെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട് വന്നാല്‍ കേസില്‍ വിമാനകമ്പനികള്‍ക്ക് വേഗത്തില്‍ തലയൂരാനാകും. കി സ്റ്റോണ്‍ ലോ യെന്ന നിയമസ്ഥാപനം വഴി ബോയിംഗിനെതിരെ ലണ്ടനിലും എയര്‍ ഇന്ത്യക്കെതിരെ ഇന്ത്യയിലും കോടതികളെ സമീപിക്കാനാണ് കുടുംബങ്ങളുടെ തീരുമാനം.